11ാമത് സൗദി ചലച്ചിത്ര മേളക്ക് സമാപനം; ‘മൈ ഡ്രൈവർ ആൻഡ് ഐ’ മികച്ച ചിത്രം

കിങ് അബ്ദുൽ അസീസ് സെർ ഫോർ വേൾഡ് കൾച്ചർ (ഇത്‌റ)യിൽ നടന്ന 11ാമത് സൗദി ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. സൗദിയുടെ സിനിമ ചരിത്രത്തിലേക്ക് തുല്യതയില്ലാത്ത നേട്ടങ്ങൾ ചേർത്തുവെച്ചാണ് മേള അവസാനിച്ചത്. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നുൾപ്പടെ 66 ചിത്രങ്ങൾ പ്രദർശിപ്പിച്ച മേളയിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് അഹ്‌മദ് കമാൽ സംവിധാനം ചെയ്ത ‘മൈ ഡ്രൈവർ ആൻഡ് ഐ’ നേടി.

ഇതേ ചിത്രത്തിൽ നായിക കഥാപാത്രമായ കൗമാരക്കാരിയായ സൽമയെ അവതരിപ്പിച്ച റൗദ ദഖീല്ലുള്ളയാണ് മികച്ച നടി. മികച്ച ഫീച്ചർ ഫിലിമിനുള്ള ഗോൾഡൻ പാം അവാർഡ് (ജി.സി.സി) ഒഡയ് റഷീദിൻറെ ഇറാഖി ചിത്രമായ ‘സോങ്‌സ് ഓഫ് ആദം’ നേടി. മികച്ച നടനുള്ള ഗോൾഡൻ പാം മിഷാൽ അൽ മുതൈരി സ്വന്തമാക്കി. മികച്ച ഹ്രസ്വചിത്രത്തിനുള്ള ഗോൾഡൻ പാം അവാർഡ് ഖാലിദ് സൈദിൻറെ ‘മേര, മേര, മേര’ എന്ന ചിത്രം സ്വന്തമാക്കി.

നവാഗത സംവിധായകനുള്ള അബ്ദുല്ല അൽ മുഹൈസെൻ അവാർഡ് ‘ഷർഷുറ’ എന്ന ചിത്രമൊരുക്കിയ അഹ്‌മദ് അൽ നാസർ നേടി. 2014-ലെ ചലച്ചിത്ര മേളയുടെ രണ്ടാം പതിപ്പിൽ താൻ ഒരു വളൻറിയർ മാത്രം ആയിരുന്നുവെന്നും ഇന്നുപുലർച്ചെ ജനിച്ച തൻറെ കുഞ്ഞിന് ഈ അവാർഡ് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. യാസിർ ബിൻ ഗാനീമിൻറെ ‘ഒത്മാൻ ഇൻ ദ വത്തിക്കാനി’ന് മികച്ച ഡോക്യുമെൻററി ചിത്രത്തിനുള്ള ഗോൾഡൻ പാം അവാർഡ് ലഭിച്ചു. ജി.സി.സിയിലെ മികച്ച ചിത്രത്തിനുള്ള ഡോക്യൂമെൻററി അവാർഡ് ഒമർ ഫാറൂഖിൻറെ ‘ദ ഡാർക്ക് സൈഡ് ഓഫ് ജപ്പാൻ’ കരസ്ഥമാക്കി. ‘സൗദി ഫിലിം ഫെസ്റ്റിവലിൻറെ 11ാം പതിപ്പിൽ ഞങ്ങൾ വീണ്ടും സിനിമയ്ക്കായി ഒത്തുകൂടി. ഞങ്ങൾ ഹൃദയങ്ങളിൽ കഥകളും സ്വപ്നങ്ങളുമായാണ് എത്തിയത്.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നമ്മൾ കേട്ട കഥകൾ, കണ്ടതു മാത്രമല്ല, ആഴത്തിൽ അനുഭവിച്ചറിഞ്ഞതുമാണ്. ഓരോ വർഷവും നിങ്ങൾ ഈ സ്ഥലത്തേക്ക് മടങ്ങിവന്ന് ഹൃദയങ്ങൾ കൊണ്ടും മനോഹര സൃഷ്ടികൾ കൊണ്ടും നിങ്ങൾ ഊഷ്മളത നിറയ്ക്കുന്നു -സമാപന പരിപാടിയിൽ സംസാരിക്കവേ ചലച്ചിത്ര മേള ഡയറക്ടർ അഹമ്മദ് അൽ മുല്ല പറഞ്ഞു.മേളയിലെ അവസാന ചിത്രവും പ്രദർശിപ്പിച്ചതിനുശേഷമാണ് സമാപന ചടങ്ങുകൾ ആരംഭിച്ചത്. സൗദി അഭിനേതാക്കളായ ഐക്‌സ കേയും ഖാലിദ് സഖറും സമാപന പരിപാടിയുടെ അവതാരകരായിരുന്നു. ‘നിങ്ങൾ എപ്പോഴും സംസാരിച്ചിട്ടുള്ള ഒരു ഭാഷയെപ്പോലെയാണ് നിങ്ങൾ ഈ ചലച്ചിത്ര മേളയുടെ താളത്തിലൂടെ സഞ്ചരിക്കുന്നത്.

തിരശ്ശീലക്ക് പിന്നിലുള്ളവർക്കും ലൈറ്റുകൾ ക്രമീകരിച്ചവർക്കും അവസാന ഷോട്ട് വരെ ഞങ്ങളോടൊപ്പം നിന്നവർക്കും ഞങ്ങൾ നന്ദി പറയുന്നു. ഇവിടെ വരാൻ തീരുമാനിച്ചവർക്ക് നന്ദി. സിനിമ നമ്മെ വെറുതെ വിളിക്കുന്നില്ല. അത് നിങ്ങൾക്ക് ജീവിതവും സ്വപ്നങ്ങളും നൽകുന്നു -അവതാരകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *