2025 ലെ ഹജ് സീസണിനായുള്ള നാല് പ്രധാന പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ഹജ്, ഉംറ മന്ത്രാലയം. സ്വദേശികളും വിദേശികളുമടക്കമുള്ള ആഭ്യന്തര തീർഥാടകർക്ക് ഈ പാക്കേജുകൾ ലഭ്യമാണ്. നുസുക് ഇലക്ട്രോണിക് ആപ്ലിക്കേഷനിലൂടെ പാക്കേജുകളുടെ വിവരങ്ങൾ ലഭ്യമാണ്.
മിനയിൽ വികസിപ്പിച്ച ക്യാംപുകളാണ് ആദ്യ പാക്കേജിൽ ഉൾപ്പെടുന്നത്. ഇവിടെ താമസം, മറ്റ് സൗകര്യങ്ങൾ എന്നിവ ഉയർന്ന നിലവാരത്തിൽ ഉള്ളതായിരിക്കും. ഗതാഗത ചെലവ് ഒഴികെ 10,366 റിയാൽ മുതലാണ് ഈ പാക്കേജിന്റെ നിരക്ക്.രണ്ടാമത്തെ പാക്കേജ് മിനയിലെ ഹോസ്പിറ്റാലിറ്റി ക്യാംപുകളാണ്. ഗതാഗത ചെലവ് ഒഴികെ 8,092 റിയാൽ മുതലാണ് നിരക്ക്.
മൂന്നാമത്തെ പാക്കേജ് ജംറാത്ത് പാലത്തിന് സമീപമുള്ള ആറ് ടവറുകളിൽ ഒന്നിലെ താമസമാണ്. 13,150 റിയാൽ മുതലാണ് നിരക്ക്. നാലാമത്തെ പാക്കേജ് കിദാന അൽ വാദി ടവറുകളാണ്. അത്യാധുനിക സൗകര്യങ്ങളും വ്യക്തിഗത സേവനങ്ങളും, ഭക്ഷണവും ഇവിടെ ലഭ്യമാണ്. ഗതാഗത ചെലവ് ഒഴികെ 12,537 റിയാൽ മുതലാണ് നിരക്ക്.