മക്ക, മദീന നഗരങ്ങളിലും അവിടങ്ങളിലെ പുണ്യസ്ഥലങ്ങളിലും രാജ്യത്തെ വിവിധ എയർപോർട്ടുകളിലും തുറമുഖങ്ങളിലും കര അതിർത്തി കവാടങ്ങളിലും എത്തുന്ന തീർഥാടകർക്കാവശ്യമായ സുരക്ഷ, പ്രതിരോധ, സംഘടന പദ്ധതികൾ നടപ്പാക്കുന്നതിന് ഏറ്റവും ഉയർന്ന കാര്യക്ഷമതയോടും മികവോടും കൂടി പ്രവർത്തിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശിച്ചു. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർദേശം. ‘മക്ക റോഡ് ഇനിഷ്യേറ്റീവ്’ വഴി എത്തുന്ന തീർഥാടകരുടെ വരവ് സുഗമമാക്കുന്നത് തുടരാനും നിർദേശിച്ചു.
ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ലോകമെമ്പാടും നിന്നെത്തുന്ന തീർഥാടകരെ സൽമാൻ രാജാവിനുവേണ്ടി കിരീടാവകാശി സ്വാഗതം ചെയ്തു. ഇരുഹറമുകളുടെ പരിപാലനം, അവിടം സന്ദർശിക്കുന്നവരോടുള്ള കരുതലിനും അവരുടെ സുഖത്തിനും സുരക്ഷക്കും വേണ്ടിയുള്ള ശ്രദ്ധയും ശ്രമങ്ങളും എന്നിവയിലൂടെ സൗദി അറേബ്യക്ക് ദൈവം നൽകിയ ബഹുമതിക്ക് കിരീടാവകാശി നന്ദിയും സ്തുതിയും അർപ്പിച്ചു.
മധ്യപൂർവേഷ്യൻ മേഖലയിലെയും ലോകത്തിലെയും സംഭവവികാസങ്ങളും പ്രാദേശികതലത്തിലും അന്തർദേശീയ തലത്തിലും നിലവിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കാൻ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു.സുഡാനിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും കൂടുതൽ ദുരിതങ്ങളും നാശവും ഒഴിവാക്കണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് സുഡാന്റെ പരമാധികാരത്തെയും ഐക്യത്തെയും ബഹുമാനിക്കുന്നതും ഭരണ സ്ഥാപനങ്ങളെ പിന്തുണക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു രാഷ്ട്രീയ പരിഹാരം ആവശ്യമാണെന്നും മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
അക്രമം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും പ്രശ്‌നബാധിത ഫലസ്തീൻ പ്രദേശങ്ങളിലേക്ക് മാനുഷികമായ പ്രവേശനം ഉറപ്പാക്കുന്നതിനും ശാശ്വത സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനുള്ള ഏക മാർഗമായി ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിൽ മുന്നോട്ട് പോകുന്നതിനും അന്താരാഷ്ട്ര പിന്തുണ സമാഹരിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങൾ തുടരുമെന്ന് മന്ത്രിസഭ ആവർത്തിച്ചു.സിറിയയുടെ പരമാധികാരത്തെയും സുരക്ഷയെയും ലക്ഷ്യം വെച്ചുള്ള ഇസ്രായേലി ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ഈ ലംഘനങ്ങളുടെയും തീവ്രവാദ നയങ്ങളുടെയും തുടർച്ച അക്രമത്തിന്റെയും പ്രാദേശിക അസ്ഥിരതയുടെയും അപകടസാധ്യതകൾ വർധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.