ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ജ്ജം

ഹജ്ജ് തീർഥാടകർക്ക് നൽകുന്ന ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാൻ സജ്ജമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു.അതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. ജീവനക്കാരും അതിന് സന്നദ്ധമാണ്.

തീർഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യോമ, കര, കടൽ കവാടങ്ങളിൽ ഇത്തരം ഉൽപന്നങ്ങൾ നിരന്തര പരിശോധനക്ക് വിധേയമാക്കും.മക്കയിലെയും മദീനയിലെയും മുനിസിപ്പാലിറ്റികളുടെ ഭൂപരിധിയിൽ സ്ഥിതിചെയ്യുന്ന ഭക്ഷണ, ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളും ആശുപത്രികളും ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഹജ്ജ് കാര്യ ഓഫിസുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സീസണൽ മെഡിക്കൽ സെന്ററുകളും കർശന നിരീക്ഷത്തിലാക്കും.

കൂടാതെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ ഹജ്ജ് കാര്യ ഓഫിസുകളിൽ എത്തുന്ന ഉൽപന്നങ്ങളും നിരീക്ഷിക്കും. തീർഥാടകർക്ക് ഭക്ഷണം തയാറാക്കുന്ന തൊഴിലാളികൾക്കായി ബോധവത്കരണ ശിൽപശാലകൾ സംഘടിപ്പിക്കുമെന്നും അതോറിറ്റി പറഞ്ഞു. ആരോഗ്യ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സുരക്ഷിതമായ ഭക്ഷണം നൽകുന്നതിനും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വിവിധ ഭാഷകളിൽ ബോധവത്കരണ പരിപാടികൾ ഒരുക്കും.

ഹജ്ജ് സീസണിന്റെ വിജയം ഉറപ്പാക്കുന്നതിന് വിപുലമായ റെഗുലേറ്ററി സേവനങ്ങൾ നൽകുന്നതിനും സംയുക്ത സർക്കാർ സഹകരണം വർധിപ്പിക്കുന്നതിനും തീർഥാടകരുടെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള പരിപാടികളും സംഘടിപ്പിക്കുമെന്നും അതോറിറ്റി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *