ഹജ്ജിനെത്തുന്നവർ അതത് രാജ്യത്തെ ഹജ്ജ് ക്യാമ്പിൽനിന്ന് പ്രതിരോധകുത്തിവെപ്പ് എടുത്തിരിക്കണമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. സാധുവായ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ സൗദി അറേബ്യയിൽ പ്രവേശിപ്പിക്കില്ല. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ കോവിഡ്-19 വാക്സിനേഷൻ കാർഡ് കൈവശംവെക്കണം.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം, യാൻബുവിലെ പ്രിൻസ് അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, തായിഫ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്രവിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുൾപ്പെടെ ആറ് പ്രധാന വിമാനത്താവളങ്ങൾ തീർഥാടകർക്ക് സേവനം നൽകുന്നതിനായി അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇസ്ലാമിലെ പന്ത്രണ്ടാമത്തെ മാസമായ ദുൽഹജ്ജ് ആരംഭംവരെ ഹജ്ജ് വിമാനസർവീസുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.