സൗരോർജ അബ്രയുടെ രൂപകൽപന; ദുബൈ ആർ.ടി.എക്ക് അംഗീകാരം

സൗരോർജത്തിൽ പ്രവർത്തിക്കുന്ന അബ്രകളുടെ രൂപകൽപനയിൽ ദുബൈ റോഡ് ഗതാഗത അതോറിറ്റിക്ക് (ആർ.ടി.എ) അംഗീകാരം. രൂപകൽപനക്ക് ബൗദ്ധിക സ്വത്തവകാശ സർട്ടിഫിക്കറ്റാണ് ആർ.ടി.എ നേടിയെടുത്തത്. സാമ്പത്തികകാര്യ മന്ത്രാലയമാണ് ആർ.ടി.എ പൊതു ഗതാഗത വകുപ്പിലെ സമുദ്ര ഗതാഗത വിഭാഗത്തിന് സർട്ടിഫിക്കറ്റ് അനുവദിച്ചത്.

രാജ്യത്ത് വ്യത്യസ്ത മേഖലകളിലെ കണ്ടുപിടിത്തങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശ സർട്ടിഫിക്കറ്റ് നൽകിവരുന്നത് സാമ്പത്തികകാര്യ മന്ത്രാലയമാണ്.സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ആർ.ടി.എക്ക് രൂപകൽപനയിൽ പ്രത്യേകമായ അവകാശമുണ്ടാകും. അതോടൊപ്പം ലൈസൻസ് നൽകുന്നതിനും ഫ്രാഞ്ചൈസികൾ അനുവദിക്കുന്നതിനുമുള്ള അവകാശവും അതോറിറ്റിക്ക് ലഭിക്കും. അതോടൊപ്പം സൗരോർജ അബ്രകൾ അടക്കമുള്ള ആസ്തികളുടെ സംരക്ഷണത്തിനും സർട്ടിഫിക്കറ്റ് സഹായകരമാകും.

ആർ.ടി.എയുടെ വിവിധ നേട്ടങ്ങളുടെ പട്ടികയിൽ പുതിയ നാഴികക്കല്ലാണ് അംഗീകാരമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുജനാരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സംഭാവന ചെയ്യുന്ന പുനരുപയോഗ ഊർജ മേഖലയിലെ നേട്ടം അതോറിറ്റിയുടെ സുസ്ഥിര നടപടികൾക്കുള്ള അംഗീകാരം കൂടിയാണ്.

നവീകരണത്തിൻറെയും സർഗാത്മകതയുടെയും കാര്യത്തിൽ വിവിധ മേഖലകളിലെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കുന്നതിന് ആർ.ടി.എ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.

ആർ.ടി.എയുടെ മികവ്, സർഗാത്മകത, നവീകരണം എന്നിവയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുകയാണ് ശ്രമങ്ങളുടെ ലക്ഷ്യമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *