രാജ്യത്തെ സ്പോർട്സ് മേഖല ദേശീയ അന്തർദേശീയ കമ്പനികൾക്ക് വലിയ സാധ്യതകൾ തുറക്കുന്നുവെന്ന് സൗദി നിക്ഷേപ സഹമന്ത്രി ഇബ്രാഹിം അൽമുബാറക് പറഞ്ഞു.റിയാദിൽ ‘സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഫോറത്തി’ൽ നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹിനെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനിർമാണ ഘടന, സാമ്പത്തിക ഭരണം, നിക്ഷേപ മേഖലകൾ എന്നിവയുള്ള ഒരു സംയോജിത സാമ്പത്തിക മേഖലയായി സ്പോർട്സ് മാറിയിരിക്കുന്നു. ‘വിഷൻ 2030’ ആരംഭിച്ചതിന് ശേഷം 2016ൽ 500 കോടി റിയാലിൽ താഴെയായിരുന്ന സൗദി കായിക മേഖലയുടെ വിപണി മൂല്യം ഇന്ന് ഏകദേശം 3200 കോടി റിയാലായി ഉയർന്നു. ‘വിഷൻ’ ആരംഭിച്ചതിനുശേഷം രാജ്യത്ത് ജനങ്ങളുടെ വ്യായാമത്തിന്റെ ശതമാനം 13 ശതമാനത്തിൽനിന്ന് 48 ശതമാനമായി വർധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
2016 മുതൽ 70ലധികം പുതിയ കായിക ഫെഡറേഷനുകൾ സ്ഥാപിക്കപ്പെട്ടു. വിവിധ ഒളിമ്പിക്, ഒളിമ്പിക് ഇതര കായിക വിനോദങ്ങൾ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾക്ക് ഇവ മേൽനോട്ടം വഹിക്കുന്നു. ഇത് സൗദി സ്പോർട്സ് മേഖലയുടെ അടിത്തറയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു. 100ലധികം അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾക്കും ഇവന്റുകൾക്കും പ്രവർത്തനങ്ങൾക്കും സൗദി ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിക്ഷേപകർക്ക് വാഗ്ദാനവും പ്രതിഫലദായകവുമായ നിക്ഷേപ മേഖലയായി സൗദി കായിക മേഖല അതിവേഗം പുരോഗമിക്കുകയാണ്. ആധുനിക സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും മാനവവികസനത്തിലും ദേശീയ സ്വത്വം കെട്ടിപ്പടുക്കുന്നതിലും രാജ്യത്തെ കായികവിനോദങ്ങൾ അത്യന്താപേക്ഷിതമായ ഘടകമായി മാറിയിട്ടുണ്ടെന്ന് നിക്ഷേപ മന്ത്രാലയം വിശ്വസിക്കുന്നു. ദേശീയ സമ്പദ്വ്യവസ്ഥയെ പുനർനിർമിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും പുതിയ മൂല്യ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനും സംഭാവന ചെയ്യുന്നതിനുള്ള ഒരു യഥാർഥ അവസരമായി സ്പോർട്സ് മേഖല മാറിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.