സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിൽ മാസത്തിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. വർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമായിരിക്കും ഏപ്രിലെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
‘രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിലിലാണ്,’ സൗദി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിയിലെ (എൻസിഎം) വിദഗ്ധനായ അഖീൽ അൽ അഖീൽ വ്യക്തമാക്കി.
കാലാവസ്ഥാ വകുപ്പിന്റെ വിവരങ്ങൾ പ്രകാരം ഈ മാസം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങൾ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അസീർ, അൽ ബഹ, പടിഞ്ഞാറൻ ഭാഗത്തുള്ള മക്ക, തായിഫ് എന്നിവയാണെന്ന് സൗദി ടിവി ചാനലായ അൽ എഖ്ബാരിയയോട് സംസാരിക്കവേ അൽ അഖീൽ വ്യക്തമാക്കി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇടിമിന്നൽ രൂപപ്പെടുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാകുന്നുണ്ട്, ഇത് മക്ക, അൽ ബാഹ, ആസിർ, തൈഫ് തുടങ്ങിയ പ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴക്ക് കാരണമാകും.
ചൊവ്വാഴ്ചത്തെ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം, മദീന, ഹായിൽ, തബൂക്ക്, അൽ ജാവ്ഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും, ആലിപ്പഴ വർഷവും, ശക്തമായ പൊടിക്കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.