സൗദിയിൽ ​ട്രാഫിക്​ പിഴ ഇളവ്; ഇനി ദിവസങ്ങൾ മാത്രം ബാക്കി

സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് കാലയളവ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി. 2024 ഏപ്രിൽ വരെ ചുമത്തിയ പിഴകൾ 50 ശതമാനം ഇളവോടെ അടക്കാൻ അനുവദിച്ച കാലാവധിയാണ് 2025 ഏപ്രിൽ 18-ന് അവസാനിക്കുന്നത്.വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒന്നിച്ചോ ഓരോന്നായോ അടക്കാവുന്ന ഇളവും നൽകിയിട്ടുണ്ട്. ഈ അവസരത്തിൽ ട്രാഫിക് പിഴകൾ അടക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടു.

ഏപ്രിൽ 18-നുശേഷം പിഴകൾ അടക്കാൻ ഇളവ് ലഭിക്കില്ല. അതുപോലെ
പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങൾക്കും ഇളവ് ബാധകമല്ല. മയക്കുമരുന്നോ അല്ലെങ്കിൽ നിരോധിത വസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിച്ചപ്പോൾ ഉണ്ടായ പിഴകൾ, 120 കിലോമീറ്റർ വേഗതാ പരിധിയുള്ള റോഡുകളിൽ മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിലോ 140 കിലോമീറ്റർ വേഗത പരിധിയുള്ള റോഡുകളിൽ മണിക്കൂറിൽ 30 കിലോമീറ്ററിൽ കൂടുതൽ വേഗതയിലോ ഡ്രൈവ്​ ചെയ്​തത്​ മൂലമുണ്ടായ പിഴകൾ എന്നിവയും ഗുരുതരമായ നിയമ ലംഘനങ്ങളാണ്. ഇതിനൊന്നും ഇളവ്​ ലഭിക്കില്ല.

സൗദി പൗരന്മാർക്കും താമസക്കാരായ വിദേശികൾക്കും ഇതര ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും വിസിറ്റ് വിസയിലെത്തുന്നവർക്കും പിഴയിളവ് ആനുകൂല്യം ലഭിക്കും.ആനുകൂല്യം ഉപയോഗപ്പെടുത്താൻ പ്രത്യേക അപേക്ഷ നൽകുകയോ ഏതെങ്കിലും വെബ് സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുകയോ വേണ്ടതില്ല. ബാങ്കുവഴിയുള്ള ഡിജിറ്റൽ പേയ്മെൻറ് സംവിധാനമായ സദാദിലും ‘ഇഫാ’ ആപ്പിലും പിഴയിളവ് സ്വമേധയാ അപ്ഡേറ്റ് ചെയ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *