സിറിയക്ക് വെളിച്ചം പകർന്ന് ഖത്തർ; വൈദ്യുതി എത്തിത്തുടങ്ങി

സിറിയക്ക് വെളിച്ചം പകർന്നുകൊണ്ട് ഖത്തറിൽനിന്ന് വൈദ്യുതി എത്തിത്തുടങ്ങി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരമാണ് സിറിയയുടെ കടുത്ത വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഊർജ വിതരണത്തിന് തുടക്കം കുറിച്ചത്. സൗഹൃദ രാജ്യമായ ജോർഡൻ വഴിയെത്തിക്കുന്ന പ്രകൃതി വാതകത്തിലൂടെയാണ് രാജ്യത്തിനാവശ്യമായ വൈദ്യുതി ഉൽപാദനം സാധ്യമാക്കിയത്.

ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുമായി സഹകരിച്ച് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും (ക്യു.എഫ്.എഫ്.ഡി) ജോർഡനിലെ ഊർജ, ധാതുവിഭവ മന്ത്രാലയവും തമ്മിലുള്ള കരാർ പ്രകാരമാണ് വൈദ്യുതി ലഭ്യമാക്കുന്നത്. പ്രതിദിനം 400 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത്. സിറിയയിലെ ദേർ അലി പവർ പ്ലാന്റിൽനിന്നുള്ള വൈദ്യുതി ഉൽപാദനം ക്രമേണ വർധിപ്പിക്കുമെന്ന് ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് അറിയിച്ചു. സിറിയയുടെ വൈദ്യുതി ക്ഷാമം പരിഹരിക്കാനും ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനും ഈ സംരംഭം സഹായിക്കുമെന്നും ക്യു.എഫ്.എഫ്.ഡി പറഞ്ഞു.

തലസ്ഥാന നഗരമായ ഡമസ്‌കസ്, റിഫ് ദിമഷ്‌ക്, അൽ സുവൈദ, ദാര, അൽ ഖുനൈത്ര, ഹിംസ്, ഹമാ, ടാർട്ടസ്, ലതാക്കിയ, അലെപ്പോ, ദേർ എസ്-സുർ എന്നിവയുൾപ്പെടുന്ന നിരവധി സിറിയൻ നഗരങ്ങളിലേക്ക് ഖത്തർ വിതരണം ചെയ്യുന്ന വൈദ്യുതി എത്തും. ഇത് അവിടത്തെ അടിസ്ഥാന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദുരിതബാധിത സമൂഹങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വലിയ സംഭാവന ചെയ്യും. സുസ്ഥിര വികസനത്തെ പിന്തുണക്കുന്നതിലും പ്രാദേശിക ഐക്യദാർഢ്യം വർധിപ്പിക്കുന്നതിലും ഖത്തർ-ജോർഡൻ സഹകരണം വലിയ പങ്കുവഹിക്കുമെന്ന് ക്യു.എഫ്.എഫ്.ഡി ഡയറക്ടർ ജനറൽ ഫഹദ് ബിൻ ഹമദ് അൽ സുലൈത്തി പറഞ്ഞു. സിറിയയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ സംരംഭമെന്നും ഫഹദ് അൽ സുലൈത്തി കൂട്ടിച്ചേർത്തു. ക്യു.എഫ്.എഫ്.ഡി വഴി ഖത്തർ സിറിയൻ ജനതയെ പിന്തുണക്കുന്നത് തുടരുകയും അവരുടെ അടിയന്തര ആവശ്യങ്ങളോട് പ്രതികരിക്കുകയും സുസ്ഥിരവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കുന്നതിന് അവരുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദ്യുതി ഉൽപാദനത്തിനുള്ള പ്രകൃതി വാതകം ഖത്തറിൽനിന്നും ജോർഡനിലെത്തിച്ചശേഷം, പൈപ്പ് ലൈൻ വഴിയാണ് സിറിയയിലെ ദേർ അലി പവർ പ്ലാന്റിലെത്തിക്കുന്നത്. ബശ്ശാറുൽ അസദ് സർക്കാറിനെ പുറത്താക്കി അഹമ്മദ് അൽ ഷറാറ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ ഖത്തർ നയതന്ത്ര ബന്ധം സ്ഥാപിച്ച് സിറിയയുടെ പുനർനിർമാണത്തിനായി സജീവമായി രംഗത്തുണ്ട്. അതേസമയം, ബശ്ശാറുൽ അസദിന്റെ പുറത്താവലിന് പിന്നാലെ സിറിയക്കുള്ള ഇന്ധന വിതരണം ഇറാൻ അവസാനിപ്പിച്ചത് രാജ്യത്തെ വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കുകയായിരുന്നു. ഇതിന് പരിഹാരമായാണ് ഖത്തറിന്റെ ഇടപെടൽ.

Leave a Reply

Your email address will not be published. Required fields are marked *