ഷാർജ രാജ്യാന്തര വായനോത്സവത്തിന് ഇന്ന് തിരി തെളിയും

ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 16-ാമത് ഷാർജ രാജ്യാന്തര കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് തിരിതെളിയും. ഇന്ന് മുതൽ മേയ് 4 വരെ ഷാർജ എക്‌സ്‌പോ സെന്ററിലാണ് പരിപാടി. ‘പുസ്തകങ്ങളിലേക്ക് മുങ്ങാംകുഴിയിടാം’ എന്ന പ്രമേയത്തിൽ നടക്കുന്ന അക്ഷരോത്സവത്തിൽ അരങ്ങേറുന്ന 600-ലേറെ ശിൽപശാലകളും സാംസ്‌കാരിക പരിപാടികളും കുട്ടികൾക്കും കുടുംബങ്ങൾക്കും വിഞ്ജാനസമ്പന്നമായ അനുഭവം നൽകും. അറബ്, രാജ്യാന്തര എഴുത്തുകാരും ചിന്തകരും ഉൾപ്പെടെ 50-ലേറെ പ്രഗത്ഭർ നയിക്കുന്ന 50-ലധികം ശിൽപ്പശാലകളുണ്ടാകും.

കുട്ടികളുടെ  പരിപാടികൾ: കുട്ടികളുടെ മനംനിറയ്ക്കുന്ന പരിപാടികൾ 12 ദിവസവും അരങ്ങേറും. നാടകങ്ങൾ, ഷോകൾ, തത്സമയപരിപാടികൾ, എഴുത്തുകാരുമായുള്ള അഭിമുഖം തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
ശില്പശാലകൾ, ചർച്ചകൾ: ശിൽപശാലകൾ, ചർച്ചകൾ എന്നിവയടക്കമുള്ള പരിപാടികൾ വായനോത്സവത്തിൽ നടക്കും. 3ഡി മോഡലിങ്, അനിമേഷൻ, കാരക്ടർ ക്രിയേഷൻ, കോമിക്സ് പോപ് ആർട്, കോസ്പ്ലേ ഹെൽമെറ്റ്സ് എന്നിവയിൽ പങ്കുചേരാൻ കുട്ടികൾക്ക് അവസരം ലഭിക്കും.

കുക്കറി ഷോ: കൂടാതെ, കുക്കറി കോർണറിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള  ഷെഫുമാർ തത്സമയ പാചകം അവതരിപ്പിക്കും.
കോമിക്സ് കോർണർ: ശിൽപശാലകളും  സംവേദനാത്മക സെഷനുകളും ഉൾപ്പെടെ 150 ആകർഷകമായ പരിപാടികൾ കോമിക്സ് കോർണറിൽ നടക്കും. കോമിക് പുസ്തക ആരാധകർ, യുവ രചയിതാക്കൾ, കുടുംബങ്ങൾ എന്നിവർക്കായി രൂപകൽപന ചെയ്‌തിരിക്കുന്ന ഈ പരിപാടിയിൽ മാംഗ ഡ്രോയിങ്, ഡിജിറ്റൽ സ്റ്റോറിടെല്ലിങ് എന്നിവ മുതൽ ആനിമേഷൻ, 3ഡി ഡിസൈൻ തുടങ്ങിയവയും ഉൾപ്പെടുന്നു. പുസ്തകോത്സവത്തിലെ ഏറ്റവും ആകർഷകമായ ശിൽപശാലകളിലൊന്നാണ് ‘ത്രെഡ് ആർട്ട്’. 

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ  ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സ് ചെയർപേഴ്‌സൺ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെയും രക്ഷാകർതൃത്വത്തിലാണ് ഷാർജ കുട്ടികളുടെ വായനോത്സവം. കുട്ടികളിലും യുവാക്കളിലും വായനയോടുള്ള ഇഷ്ടം വളർത്തിയെടുക്കാനും സർഗാത്മകത വളർത്തിയെടുക്കാനും ലക്ഷ്യമിട്ടുള്ള ഒരു വിശിഷ്ട സാംസ്കാരിക, വിദ്യാഭ്യാസ വേദിയാണ് ഈ പരിപാടി.

സമയക്രമം
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 8 വരെ. വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ രാത്രി 9 വരെ. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ. സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യം. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും :https://www.scrf.ae

Leave a Reply

Your email address will not be published. Required fields are marked *