വ്യാജ ചെക്ക് കേസ് പരാതിയിൽ ഇരയ്ക്ക് 20 റിയാൽ നഷ്ടപരിഹാരം വിധിച്ച് ഖത്തർ കോടതി. ബിസിനസ് പങ്കാളിയാണ് വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ഖത്തർ മാധ്യമമായ അൽ ശർഖിന്റെ റിപ്പോർട്ട് പ്രകാരം സംഭവം ഇങ്ങനെ. വാഹന ലോണിനായി പരാതിക്കാരൻ ബിസിനസ് പങ്കാളിയെ ജാമ്യക്കാരനായി വയ്ക്കുന്നു. ഗ്യാരണ്ടിയായി ബ്ലാങ്ക് ചെക്കും നൽകുന്നു.
എന്നാൽ പത്ത് വർഷത്തിന് ശേഷം പരാതിക്കാരനെതിരെ ബിസിനസ് പങ്കാളി ഈ ബ്ലാങ്ക് ചെക്ക് ഉപയോഗിക്കുന്നു. 2.85 കോടി ഖത്തർ റിയാലിന്റെ വ്യാജ ചേക്ക് കോടതിയിൽ ഹാജരാക്കുന്നു. പരാതിക്കാരന് മൂന്ന് വർഷം തടവും ട്രാവൽ ബാനും കോടതി വിധിച്ചു. പക്ഷെ ചെക്കിലെ കയ്യക്ഷരത്തിൽ മാറ്റമുണ്ടെന്ന് കാണിച്ച് പരാതിക്കാരൻ അപ്പീൽ നൽകി. അന്വേഷണത്തിൽ സത്യം വെളിവായതോടെ തട്ടിപ്പ് നടത്തിയ ബിസിനസ് പങ്കാളി പരാതിക്കാരന് 20 ലക്ഷം ഖത്തർ റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പോലും ചെക്ക് ഇടപാടുകൾ നടത്തുമ്പോൾ അതീവ സൂക്ഷ്മത പാലിക്കണമെന്ന് നിയമ വിദഗ്ധർ ഓർമിപ്പിച്ചു.