വിമാന സർവീസ് നടത്താൻ ലൈസൻസ് നേടി റിയാദ് എയർ. ഈ വർഷം അവസാന പാദത്തിൽ റിയാദ് എയർ സർവീസുകൾ ആരംഭിക്കും. സർവീസുകൾ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ വിമാന സർവീസുകൾ ആരംഭിക്കാനാണ് സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ ലൈസൻസ് കരസ്ഥമാക്കിയിരിക്കുന്നത്.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ റിയാദ് എയറിനു ലൈസൻസ് അനുവദിച്ചിരിക്കയാണ്. അധികൃതർ ആവശ്യപ്പെട്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ച ശേഷം ഈ വർഷം നാലാം പാദത്തിൽ സേവനം ആരംഭിക്കാൻ റിയാദ് എയർ ലൈസൻസ് കമ്പനിക്ക് അനുമതി നൽകി.
കഴിഞ്ഞ ഡിസംബർ 11 ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള ആദ്യ പരീക്ഷണ പറക്കലുകൾ റിയാദ് എയർ നടത്തി തുടങ്ങിയിരുന്നു. റിയാദ് എയർ വിമാനങ്ങളിൽ കാറ്ററിംഗ് സേവനങ്ങൾ നൽകാൻ കമ്പനികളുമായി കരാർ ഒപ്പിട്ടുകഴിഞ്ഞിട്ടുണ്ട്. 230 കോടി റിയാലിന്റെ അഞ്ചു വർഷ കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ 60 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ റിയാദ് എയർ ഒപ്പുവെച്ചിരുന്നു. വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനായി പുതിയ കരാറുകളിൽ ഏർപ്പെടാനുള്ള ഒരുക്കത്തിലുമാണ് റിയാദ് എയർ.