വിമാന യാത്രയ്ക്കിടെ വൈദ്യസഹായം നൽകാനായി അത്യാധുനിക സംവിധാനമൊരുക്കി ദുബായിയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻ. പാർസിസ് ടെലിമെഡിസിൻ കമ്പനിയുമായി സഹകരിച്ച് 24 ലക്ഷം ഡോളർ ചെലവിലാണിത് തയ്യാറാക്കിയത്. വരുംവർഷങ്ങളിൽ എമിറേറ്റ്സിന്റെ 300 വിമാനങ്ങളിൽ ഇവ സ്ഥാപിക്കും. സംയോജിത ടെലിമെഡിസിൻ കിറ്റാണ് സംവിധാനത്തിന്റെ പ്രധാനഭാഗം. ഹൈ ഡെഫനിഷൻ വീഡിയോ കോൺഫറൻസിങ്, റിമോട്ട് പാസഞ്ചർ അസസ്‌മെന്റ്, സുരക്ഷിത ഡേറ്റ കൈമാറ്റം, 12 ലീഡ്‌സ് ടെലികാർഡിയ ഇ.സി.ജി. എന്നിവ ഈ ടെലിമെഡിസിൻ സ്റ്റേഷന്റെ പ്രത്യേകതയാണ്. കൂടാതെ, പൾസ് ഓക്സിമീറ്റർ, തെർമോമീറ്റർ, ഗ്ലൂക്കോമീറ്റർ പോലുള്ള ഉന്നത നിലവാരമുള്ള ഉപകരണങ്ങളുമുണ്ടായിരിക്കും.
യാത്രക്കാർക്കുവേണ്ട വിദഗ്ധ വൈദ്യോപദേശം ഉടനടി ലഭ്യമാക്കുന്നതിന്, ഗ്രൗണ്ട് മെഡിക്കൽ സപ്പോർട്ട് ടീമുമായി വിമാനജീവനക്കാർക്ക് തത്സമയം ആശയവിനിമയം നടത്താൻ ഈ സംവിധാനം വഴി സാധിക്കും. ഡോക്ടർമാരെ തത്സമയം വീഡിയോ കോൺഫറൻസിലൂടെകണ്ട് സ്ഥിതി വിലയിരുത്താനുമാവും.
രോഗിയുടെ ശരീരതാപനില, രക്താതിമർദം തുടങ്ങി പ്രധാനവിവരങ്ങൾ വിമാനജീവനക്കാർ കൈമാറേണ്ട സ്ഥിതിയും മാറും. അവ ‘മെഡ്കാപ്ചർ’ എന്ന ഉപകരണം വഴി ഡോക്ടർക്ക് നേരിട്ട് ലഭ്യമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. വിമാനയാത്രയ്ക്കിടെ ഏത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ജീവനക്കാർക്ക് ഇത് പ്രവർത്തിപ്പിക്കാനാവും. എമിറേറ്റ്‌സും പാർസിസും ഒരു വർഷം നീണ്ടുനിന്ന ചർച്ചയ്ക്കൊടുവിലാണ് സംവിധാനം രൂപപ്പെടുത്തിയത്.
ഫ്രാൻസിലെ ലിയോണിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദ്രോഗിക്ക് സംവിധാനം ഏറെ ഉപകാരപ്പെട്ടിരുന്നു. യാത്രക്കിടെ ഓക്സിജന്റെ അളവ് കുറയുകയും അവശനിലയിലാവുകയും ചെയ്ത യാത്രക്കാരന് തുണയായത് ഈ സാങ്കേതിക വിദ്യയാണ്. പരിശീലനം ലഭിച്ച എമിറേറ്റ്‌സ് ജീവനക്കാർ ഓക്സിജൻ നൽകുകയും രോഗിയുടെ അവസ്ഥ ‘മെഡ്കാപ്ചർ’ വഴി മെഡിക്കൽ വിദഗ്ധരുമായി പങ്കുവെക്കുകയും ചെയ്തു. വിമാനമിറങ്ങുന്നതുവരെ രോഗിക്ക് വേണ്ട എല്ലാ വൈദ്യസഹായവും തത്സമയം വിദഗ്ധരുടെ സഹായത്തോടെ ലഭ്യമാക്കി.
വിമാനയാത്രയ്ക്കിടെയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പാർസിസ് ടെലിമെഡിസിൻ കമ്പനിയുടെ സംവിധാനങ്ങൾ നിർണായക ഇടപെടലുകൾ നടത്തിവരുന്നതായി എമിറേറ്റ്‌സ് വക്താവ് പറഞ്ഞു. കൂടാതെ വിമാനത്തിനുള്ളിൽ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ജീവനക്കാർക്ക് സമഗ്രമായ പരിശീലനം ലഭിച്ചുവരുന്നതായും എമിറേറ്റ്‌സ് വക്താവ് വിശദീകരിച്ചു. ദുബായിയിലെ എമിറേറ്റ്‌സ് ഗ്രൂപ്പ് ആസ്ഥാനത്തിരുന്ന് എല്ലാ ദിവസവും 24 മണിക്കൂറും ബന്ധപ്പെടാവുന്ന മെഡിക്കൽ വിദഗ്ധരും ഇതിന്റെ ഭാഗമായുണ്ടാകും.