വിനോദസഞ്ചാരവും നിക്ഷേപവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കുവൈത്ത് നിയമ പരിഷ്കാരത്തിനൊരുങ്ങുന്നു. പുതിയ നിയമത്തിൽ ഉൾപ്പെടുത്തേണ്ട വ്യവസ്ഥകൾ സംബന്ധിച്ചും ഊന്നലുകൾ സംബന്ധിച്ചും വിവിധ മന്ത്രാലയങ്ങളോടും സർക്കാർ വകുപ്പുകളോടും നിർദേശം ക്ഷണിച്ചു. പത്തുദിവസത്തിനകം നിർദേശങ്ങൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 38 ആർട്ടിക്കിളുള്ള കരടുനിയമം ഇതുമായി ബന്ധപ്പെട്ട് തയാറാക്കിയിട്ടുണ്ട്.
വിനോദ സഞ്ചാര പദ്ധതികളിൽ സ്വകാര്യ മേഖലക്ക് പങ്കാളിത്തം വർധിപ്പിക്കാനുള്ള നടപടികൾ കരടുനിയമത്തിൽ പ്രതിപാദിക്കുന്നു. മൂലധനം ആകർഷിക്കുന്ന, ടൂറിസം പദ്ധതികളും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന ആധുനിക ടൂറിസം വികസന മാതൃക രൂപപ്പെടുത്താനാണ് രാജ്യം ശ്രമിക്കുന്നത്. ഇടനിലക്കാരുടെ ആവശ്യമില്ലാതെ വിനോദസഞ്ചാര മേഖലയിൽ നിക്ഷേപം നടത്താൻ അന്താരാഷ്ട്ര കമ്പനികൾക്ക് സൗകര്യമൊരുക്കുന്ന വിധം വ്യവസ്ഥകൾ ഉദാരമാക്കും. വൈവിധ്യമാർന്ന ടൂറിസം ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിലും സന്ദർശകർക്ക് ആകർഷകമായ അനുഭവം ഒരുക്കുന്നതിലും ദ്വീപുകളും ബീച്ചുകളും ഉൾപ്പെടുന്ന രാജ്യത്തിന്റെ ഭൂമിശാസ്ത്ര സവിശേഷതകളെ പ്രയോജനപ്പെടുത്തുന്നതിലും കരടുനിയമം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കാൻ വിസ നടപടിക്രമങ്ങൾ ലളിതമാക്കും. കുവൈത്തിലെ വിനോദസഞ്ചാര സാധ്യതകൾ സംബന്ധിച്ച് അന്തർദേശീയ തലത്തിൽ പ്രചാരണം നടത്തും. ഹോട്ടൽ, ടൂറിസം സൗകര്യങ്ങൾ, വിനോദസഞ്ചാര പ്രവർത്തനങ്ങൾ, ഉത്സവങ്ങൾ, ടൂറിസം ഫെസ്റ്റിവൽ ഓർഗനൈസിങ് ഓഫിസുകൾ എന്നിവയെ തരംതിരിക്കുന്നതിന് മാനദണ്ഡങ്ങൾ കരടുനിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.