ഭിന്നശേഷിക്കാർക്കായി ആരംഭിച്ച ഖത്തറിലെ ആദ്യ സ്പെഷലൈസ്ഡ് അക്കാദമിയായ വാരിഫ് അക്കാദമി സന്ദർശിച്ച് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ. വിദ്യാഭ്യാസം ലഭിക്കാത്ത ബഹുവിധ വൈകല്യമുള്ളവർക്ക് അറബി ഭാഷയിൽ സമഗ്ര വിദ്യാഭ്യാസ-പുനരധിവാസ അവസരങ്ങളും സേവനങ്ങളുമാണ് വാരിഫ് അക്കാദമി മുന്നോട്ടുവെക്കുന്നത്. ഖത്തർ ഫൗണ്ടേഷൻ സി.ഇ.ഒയും വൈസ് ചെയർപേഴ്സനുമായ ശൈക ഹിന്ദ് ബിൻത് ഹമദ് ആൽ ഥാനിയും പ്രത്യേക വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരടങ്ങിയ സംഘവും ശൈഖ മൗസക്കൊപ്പം വാരിഫ് അക്കാദമിയിലെത്തിയിരുന്നു.
വിവിധ വൈകല്യങ്ങളുള്ള വിദ്യാർഥികളെ പിന്തുണക്കുന്നതിന് വികസിപ്പിച്ച അക്കാദമിയുടെ പഠന സൗകര്യങ്ങളും ശൈഖ മൗസ വിലയിരുത്തി. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഖത്തർ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെയുമാണ് വാരിഫ് അക്കാദമി സ്ഥാപിതമായത്.ഗുരുതരവും ബഹുവിധ വൈകല്യങ്ങളുള്ളതുമായ കുട്ടികളെ പരിപാലിക്കുന്നതിന് ധാർമികവും സാമൂഹികവുമായ ഉത്തരവാദിത്തം നമുക്കുണ്ടെന്നും, അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള നൂതനാശയങ്ങളും ഉപകരണങ്ങളും വികസിപ്പിക്കേണ്ടതുണ്ടെന്നും ശൈഖ മൗസ സന്ദർശന വേളയിൽ പറഞ്ഞു.
ശാരീരികവും ആരോഗ്യപരവുമായ വൈകല്യങ്ങളുള്ള കുട്ടികളെ പരിപാലിക്കുന്നതിന് പ്രത്യേക സ്ഥാപനം ആരംഭിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിനും ആരോഗ്യ മന്ത്രാലയത്തിനും നന്ദി രേഖപ്പെടുത്തുന്നുവെന്നും അവർ പറഞ്ഞു. അക്കാദമിയിലെ വിദ്യാർഥികളുമായി ശൈഖ മൗസ കൂടിക്കാഴ്ച നടത്തുകയും പഠന അനുഭവങ്ങൾ കേൾക്കുകയും ചെയ്തു. വിദ്യാർഥികൾക്ക് അവരുടെ ആവശ്യപ്രകാരമുള്ള പ്രത്യേക അക്കാദമിക പരിപാടികളും സമഗ്രമായ ചികിത്സ ഇടപെടലുകളും വാരിഫ് ഉറപ്പാക്കുന്നുണ്ട്.
വിദ്യാർഥികളെ അവരുടെ പൂർണ ശേഷി കൈവരിക്കാൻ പ്രാപ്തരാക്കുന്ന മികച്ച അന്തരീക്ഷമാണ് അക്കാദമിയിൽ രൂപപ്പെടുത്തിയിരിക്കുന്നത്. നേരത്തേ സ്കൂൾ വിദ്യാഭ്യാസം ലഭിക്കാതിരുന്ന വിദ്യാർഥികൾക്ക് തുല്യ വിദ്യാഭ്യാസം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതായി വാരിഫ് അക്കാദമി ഡയറക്ടർ നാഇൽ മുഹമ്മദ് പറഞ്ഞു. അഞ്ച് ഘട്ടമായി വികസിപ്പിക്കുന്ന വാരിഫ് അക്കാദമിയുടെ ആദ്യ ഘട്ടമാണ് ഇക്കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ചത്. മൂന്നിനും 14നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കായി അഞ്ച് ക്ലാസ് മുറികളാണ് ആദ്യ ഘട്ടത്തിൽ തയാറാക്കിയിരിക്കുന്നത്. അന്തിമഘട്ടത്തിൽ 2028 -2029 അധ്യയന വർഷത്തോടെ 25 ക്ലാസ് മുറികളിലായി 150 വിദ്യാർഥികൾക്ക് പ്രവേശനം നൽകാനാണ് വാരിഫ് അക്കാദമി ലക്ഷ്യമിടുന്നത്.