റിയൽ എസ്റ്റേറ്റ് രംഗത്തെ സുതാര്യത വർധിപ്പിക്കാനും നിക്ഷേപകരെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് അജ്മാനിൽ പുതിയ നിയമം നടപ്പാക്കി. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയാണ് നിക്ഷേപ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പുതിയ നിയമം പുറത്തിറക്കിയത്.
സംയുക്ത റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി നീക്കിവെച്ച വസ്തു, പുനരുദ്ധാരണത്തിനായി മാറ്റിവെച്ച പഴയ കെട്ടിടങ്ങൾ, നിർമാണത്തിലിരിക്കുന്ന പദ്ധതികൾ എന്നിങ്ങനെ പ്രധാനമായും മൂന്ന് തരത്തിലുള്ള സ്വത്തുക്കൾക്കാണ് പുതിയ നിയമം ബാധകമാവുക. നിക്ഷേപം ആകർഷിക്കുക, മേഖലയിലെ നിയന്ത്രണം വർധിപ്പിക്കുക തുടങ്ങിയവയാണ് പുതിയ നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. റിയൽ എസ്റ്റേറ്റ് ഓഫിസുകൾക്ക് അനുമതി നൽകുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് മേൽനോട്ടം വഹിക്കും. നിർമാതാക്കൾ, നിക്ഷേപകർ, ഉടമസ്ഥാവകാശങ്ങൾ എന്നിവ ഉൾപ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ രേഖപ്പെടുത്താൻ ഒരു റിയൽ എസ്റ്റേറ്റ് കോൺട്രിബ്യൂഷൻ രജിസ്റ്റർ സൂക്ഷിക്കാനും നിയമം വ്യക്തമാക്കുന്നുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖല വികസിപ്പിക്കാനായി ദുബൈ ലാൻഡ് വകുപ്പുമായി (ഡി.എൽ.ഡി) അജ്മാൻ ഫ്രീ സോൺസ് അതോറിറ്റി (അഫ്സ) വ്യാഴാഴ്ച പുതിയ സഹകരണ കരാർ ഒപ്പിട്ടിരുന്നു. ബിസിനസിനും നിക്ഷേപത്തിനുമുള്ള ആഗോള കേന്ദ്രമായി യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ എമിറേറ്റുകൾ തമ്മിലുള്ള സഹകരണം മികച്ച സംഭാവനകൾ നൽകുമെന്നാണ് വിലയിരുത്തൽ.