റിയാദ് മെട്രോയുടെ ഏഴാമത്തെ ലൈൻ നിർമാണത്തിനായി കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിയാദിലെ ഖിദ്ദിയ്യ, കിൽ സൽമാൻ പാർക്ക്, ദിരിയ്യ ഗേറ്റ് തുടങ്ങി വൻകിട പദ്ധതി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാകും ലൈൻ. 65 കി.മീ ദൈർഘ്യമുള്ള ലൈനിൽ 19 സ്റ്റേഷനുകളുണ്ടാകും.
നിലവിൽ റിയാദ് മെട്രോയിൽ ആറ് ലൈനാണ് ഉള്ളത്. ഇതിന് പുറമെയാണ് റിയാദി നഗരത്തിലെ വൻകിട പദ്ധതി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ലൈൻ. റിയാദ് റോയൽ കമ്മീഷൻ ഇതിനായി ബിഡ് സമർപ്പിക്കേണ്ട സമയം ജൂൺ 15 വരെ നീട്ടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരി ഖിദ്ദിയ്യയിലേക്കുള്ള പ്രധാന ലൈനായിരിക്കും ഇത്. കിങ് സൽമാൻ പാർക്ക്, മിസ്‌ക് സിറ്റി, ദിരിയ്യ ഗേറ്റ്, മലസ് കിങ് അബ്ദുല്ല പാർക്ക് എന്നിവിടങ്ങളേയും ഏഴാം ലൈൻ ബന്ധിപ്പിക്കും.
67 കിമീ ദൂരമാണ് ട്രാക്ക്. ഇതിൽ 47 കിമീ ഭൂഗർഭ പാതയാണ്. 19 സ്റ്റേഷനുകളിൽ പതിനാലെണ്ണം അണ്ടർ ഗ്രൗണ്ടിലാകും. സൗദി, ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ, ജർമനി, ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ, തുർക്കി കമ്പനികൾ കൺസോർഷ്യം രൂപീകരിച്ച് അപേക്ഷയുമായി രംഗത്തുണ്ട്.