സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ ഈ വർഷം അവസാനത്തോടെ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതിനായുള്ള അവസാന ഘട്ട പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 132 അത്യാധുനിക വിമാനങ്ങളുമായിട്ടായിരിക്കും റിയാദ് എയർ ഗംഭീരമായ തുടക്കം കുറിക്കുക.
ആദ്യ ഘട്ടത്തിൽ 72 ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളും 60 എയർബസ് A320 നിയോ വിമാനങ്ങളുമാണ് സർവീസിനായി തയ്യാറാക്കുന്നത്. ഈ വിമാനങ്ങളുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യാത്രക്കാർക്ക് ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും ഉടൻ തന്നെ ആരംഭിക്കും.
വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവീസുകൾ നടത്താനുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് റിയാദ് എയർ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. യൂറോപ്പ്, ഏഷ്യ, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ നൂറിലധികം വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് റിയാദ് എയർ സർവീസ് നടത്തും. റിയാദ് എയർ യാഥാർഥ്യമാകുന്നതോടെ സൗദിയുടെ വ്യോമയാന മേഖലയിൽ ഒരു പുതിയ അധ്യായം കുറിക്കപ്പെടും.