എമിറേറ്റിലുടനീളം ഗതാഗത ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി ഓറഞ്ച് ബസ് റൂട്ട് എന്ന പേരിൽ നഗരത്തിൽ പുതിയ ബസ് റൂട്ട് ആരംഭിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.എ.കെ.ടി.എ).
അൽ നഖീൽ പ്രദേശത്തുനിന്ന് സൗത്ത് അൽ ദൈത്തിലെ പ്രധാന ബസ് സ്റ്റേഷൻ വരെയാണ് പുതിയ റൂട്ട്. നഗരത്തിലെ ഒട്ടേറെ പ്രധാന സ്ഥലങ്ങളിലൂടെ ഓറഞ്ച് ബസ് റൂട്ട് കടന്നുപോകും. അൽ നഖീൽ, ജുൽഫാർ ടവേഴ്സ്, അൽ സദാഫ് റൗണ്ട് എബൗട്ട്, ഡ്രൈവിങ് സ്‌കൂൾ, പോസ്റ്റ് ഓഫിസ്, ക്ലോക്ക് റൗണ്ട്എബൗട്ട്, ഫ്‌ലമിംഗോ ബീച്ച്, അൽ ദൈത് സൗത്തിലെ പ്രധാന ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം സ്റ്റോപ്പുണ്ട്. ഒരു ദിശയിലേക്കുള്ള യാത്രക്ക് 25 മുതൽ 30 മിനിറ്റ് വരെയാണ് സമയമെടുക്കുക. രാവിലെ 6.30 മുതൽ രാത്രി 8.30 വരെ ദിവസേന 20 സർവിസുകളുണ്ടാകും. ഓരോ യാത്രക്കും എട്ട് ദിർഹമാണ് ചെലവ്.
ആകെ 13 കിലോമീറ്ററിലേറെയാണ് ഓറഞ്ച് റൂട്ട് വ്യാപിച്ചുകിടക്കുന്നത്. ഇതോടെ റാസൽഖൈമയിലെ ആഭ്യന്തര പൊതുഗതാഗത ശൃംഖലയുടെ ആകെ ദൈർഘ്യം 99 കിലോമീറ്ററായി ഉയർന്നു.
ഉപയോക്തൃ സൗഹൃദവും കാര്യക്ഷമവും പെട്ടെന്ന് ലഭ്യമാക്കാനുമാവുന്ന പൊതുഗതാഗത സംവിധാനം സൃഷ്ടിക്കുകയെന്ന അതോറിറ്റിയുടെ ശ്രമങ്ങളിലെ പ്രധാന ചുവടുവെപ്പാണിത്. സമൂഹത്തിലെ എല്ലാവർക്കും അനുയോജ്യവും താങ്ങാവുന്നതുമായ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആർ.എ.കെ.ടി.എ അധികൃതർ പറഞ്ഞു.
ഓറഞ്ച് റൂട്ട് താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രയോജനപ്പെടും. റാസൽഖൈമയുടെ സമഗ്രമായ ഗതാഗത മാസ്റ്റർ പ്ലാൻ 2030ൻറെ ഭാഗമായാണ് ഓറഞ്ച് റൂട്ട് പ്രഖ്യാപിച്ചത്. എല്ലാ പ്രദേശങ്ങളെയും പ്രധാനനഗരവുമായി ബന്ധിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിലൊന്നാണ്.