റമദാൻ അവസാന പത്തിൽ മദീന നഗരത്തിലെ വിവിധ റൂട്ടുകളിലൂടെ മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും ആളുകളെ എത്തിക്കുന്ന ഷട്ടിൽ ബസ് സർവിസുകളുടെ സമയം നീട്ടി.
ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച് അർധരാത്രി ‘ഖിയാമുലൈൽ’ കഴിഞ്ഞ് അരമണിക്കൂർ വരെ ഷട്ടിൽ ബസുകൾ സർവിസ് നടത്തും. എന്നാൽ സയ്യിദ് അൽ ശുഹദാഹ്, അൽ സലാം കോളജ് സ്റ്റേഷനുകളിലേക്ക് 24 മണിക്കൂറും സർവിസുണ്ടാവും.
സ്പോർട്സ് സ്റ്റേഡിയം, സയ്യിദ് അൽ ശുഹദാഹ്, അൽ ഖാലിദിയ ഡിസ്ട്രിക്ട്, ശദാത് ഡിസ്ട്രിക്ട്, കിങ് ഫഹദ് ഡിസ്ട്രിക്ട്, അൽ ഹദീഖ ഡിസ്ട്രിക്ട്, അൽ സലാം കോളജ് പാർക്കിങ് എന്നീ ഏഴ് സ്ഥലങ്ങൾ മസ്ജിദുന്നബവിയിലേക്കും തിരിച്ചും സർവിസ് നടത്തുന്നതിന് ഒരുക്കിയിട്ടുണ്ട്. ഖുബാഅ് മസ്ജിദിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കായി അൽ ആലിയ മാളിലെ പാർക്കിങ് സ്ഥലം പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്.