വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ലഘൂകരിച്ചു. അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി പുതിയ ചട്ടങ്ങൾ പുറത്തിറക്കി.
നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക, തൊഴിലുടമകൾക്കും തൊഴിലാളികൾക്കും മികച്ച പിന്തുണ ഉറപ്പാക്കുക എന്നിവയാണ് പുതുക്കിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്. റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട അപേക്ഷകൾ തയാറാക്കി ഓൺലൈനായി അയയ്ക്കുക, പണം അടയ്ക്കുക, മെഡിക്കൽ പരിശോധനകൾക്ക് സഹായിക്കുക, എമിറേറ്റ്സ് ഐഡി കാർഡുകൾ നൽകുക എന്നീ സേവനങ്ങൾ റിക്രൂട്ട്മെന്റ് ഏജൻസികൾ നൽകണം.
തൊഴിലുടമയ്ക്കു വേണ്ടി വീട്ടുജോലിക്കാരുടെ അഭിമുഖം നടത്തുക, തിരഞ്ഞെടുത്തവർക്ക് പരിശീലനം നൽകുക, വീട്ടുജോലിക്കാരെ എയർപോർട്ടിൽ സ്വീകരിക്കുക, തൊഴിലുടമയുടെ വീട്ടിൽ എത്തിക്കുക, വീട്ടുജോലിക്കാർക്ക് അനുയോജ്യമായ താമസസൗകര്യം ക്രമീകരിക്കുക എന്നിവയും ഏജൻസികളുടെ ചുതമലകളാണെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.