പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ എക്‌സ് അക്കൗണ്ടിലെ കുറിപ്പിൽ ലോകത്താകമാനമുള്ള കത്തോലിക്ക വിശ്വാസികൾക്ക് അനുശോചനമറിയിച്ചു. സമാധാനപൂർണമായ സഹവർത്തിത്വവുംപരസ്പരം മനസ്സിലാക്കലും പ്രോത്സാഹിപ്പിച്ച ജീവിതമായിരുന്നു മാർപാപ്പയുടേതെന്നും അദ്ദേഹം അനുസ്മരിച്ചു. നിര്യാണ വാർത്ത ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്‌സ് അക്കൗണ്ടിൽ കുറിച്ചു.
അനുകമ്പയിലൂടെയും സമാധാനത്തോടുള്ള പ്രതിബദ്ധതയിലൂടെയും എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച മഹാനായ നേതാവായിരുന്നെന്നും, മാനവികതയുടെയും മതാന്തര ഐക്യത്തിലെയും മാർപാപ്പയുടെ പൈതൃകം ലോകത്താകമാനമുള്ള ധാരാളം സമൂഹങ്ങളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.യു.എ.ഇയുമായി സൗഹാർദപൂർവമായ ബന്ധം സൂക്ഷിച്ച മാർപാപ്പ 2019 ഫെബ്രുവരിയിൽ രാജ്യം സന്ദർശിച്ചിരുന്നു. ഇതോടൊനുബന്ധിച്ച് അബൂദബിയിലെ സായിദ് സ്‌പോർട്‌സ് സിറ്റിയിൽ നടന്ന ചടങ്ങിൽ 1.8 ലക്ഷം പേരാണ് ഒഴുകിയെത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിറഞ്ഞുകവിയുകയായിരുന്നു. മറ്റുള്ളവർക്ക് ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ സ്റ്റേഡിയത്തിന് പുറത്ത് കൂറ്റൻ സ്‌ക്രീനുകളിൽ കുർബാന വീക്ഷിക്കാൻ സൗകര്യമൊരുക്കുകയായിരുന്നു. ആത്മീയമായ ചടങ്ങ് എന്നതോടൊപ്പം സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രദർശനം കൂടിയായിരുന്നു അത്. യു.എ.ഇ സഹിഷ്ണുതാ- സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് ആൽ നഹ്‌യാനും ചടങ്ങിന് സാക്ഷിയായിരുന്നു.