മക്കയിലെ ഹോട്ടലുകളിൽ താമസത്തിന് നിയന്ത്രണം

ഹജ്ജ് പ്രമാണിച്ച് മക്കയിലെ ഹോട്ടലുകളിൽ താമസത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഹജ്ജ് ഇതര വിസക്കാർക്ക് ഏപ്രിൽ 29 മുതൽ താമസ സൗകര്യം നൽകരുതെന്ന് ഹോട്ടലുകൾക്ക് ടൂറിസം മന്ത്രാലയം കർശന നിർദേശം നൽകി. മുഴുവൻ ട്രാവൽ ആൻഡ് ടൂറിസം സർവിസ് ഓഫിസുകൾക്കും ടൂറിസ്റ്റ് താമസകേന്ദ്രങ്ങൾക്കുമാണ് നിർദേശം.

ഹജ്ജ് വിസയുള്ളവർ, ഹജ്ജ് സീസണുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർ, പ്രദേശവാസികൾ തുടങ്ങിയ മക്ക നഗരത്തിൽ പ്രവേശിക്കാൻ പെർമിറ്റുള്ളവർ ഒഴികെ ഏതൊരാളും ഏപ്രിൽ 29 മുതൽ മക്കയിൽ ഹോട്ടൽ റിസർവേഷനോ താമസ നടപടിക്രമങ്ങളോ പൂർത്തിയാക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഈ നിയന്ത്രണം ഹജ്ജ് സീസൺ അവസാനിക്കുന്നതുവരെ തുടരും.

ഇത് ലംഘിക്കുന്നവരെ നിയമപരമായ ശിക്ഷക്ക് വിധേയരാക്കുമെന്ന് ടൂറിസം മന്ത്രാലയം ഊന്നിപ്പറഞ്ഞു. തീർഥാടകരുടെ സുരക്ഷ സംരക്ഷിക്കുന്നതിനും ശാന്തതയുടെ അന്തരീക്ഷത്തിൽ ആചാരങ്ങൾ നിർവഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച നടപടികൾക്ക് അനുസൃതമായാണ് ഈ നിർദേശമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

എല്ലാ ടൂറിസ്റ്റ് സ്ഥാപനങ്ങളോടും ഇലക്ട്രോണിക് ബുക്കിങ് പ്ലാറ്റ്ഫോമുകളോടും നിർദേശങ്ങൾ പൂർണമായും പാലിക്കാനും നിശ്ചിത കാലയളവിൽ അനധികൃത ഗ്രൂപ്പുകൾക്ക് ബുക്കിങ് അല്ലെങ്കിൽ താമസ സേവനങ്ങൾ നൽകുന്നതിൽനിന്ന് വിട്ടുനിൽക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.

സുരക്ഷിതവും വിജയകരവുമായ ഹജ്ജ് സീസൺ ഉറപ്പാക്കാനും സർക്കാർ ഏജൻസികൾ തമ്മിലുള്ള സഹകരണത്തിൻറെയും സംയോജനത്തിൻറെയും ചട്ടക്കൂടിനുള്ളിലാണ് ഈ നിർദേശം. മക്കയിലെ ഹോസ്പിറ്റാലിറ്റി സേവന ദാതാക്കൾ ഹജ്ജ് സീസണിലെ അംഗീകൃത ചട്ടങ്ങൾ പാലിക്കേണ്ടതിൻറെ പ്രാധാന്യവും ബന്ധപ്പെട്ട അധികാരികളുമായി പൂർണമായി സഹകരിക്കേണ്ടതിൻറെ പ്രാധാന്യവും മന്ത്രാലയം പറഞ്ഞു. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സംവിധാനം അനുശാസിക്കുന്ന പിഴകളുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *