ബാൽക്കണിയിലും കെട്ടിടങ്ങളുടെ മേൽക്കൂരയിലുമെല്ലാം വസ്തുക്കൾ ഉപേക്ഷിച്ചിടുകയോ സൂക്ഷിച്ചുവെയ്ക്കുകയോ ചെയ്താൽ നടപടിയെടുക്കുമെന്ന് ഓർമ്മിപ്പിച്ച് അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അതോറിറ്റി. കാഴ്ചയെ മറയ്ക്കുന്ന വിധത്തിൽ ഇത്തരം പ്രവണത വ്യാപകമായതോടെയാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പൊതുജനാരോഗ്യത്തിന് ഹാനികരവും നഗരഭംഗി നശിപ്പിക്കുന്നതുമായ നിയമലംഘനമാണിത്.
മുന്നറിയിപ്പ് നൽകിയിട്ടും നടപടി ആവർത്തിച്ചാൽ 2000 ദിർഹംവരെ പിഴചുമത്തുമെന്നും അധികൃതർ അറിയിച്ചു. ആദ്യ നിയമലംഘനത്തിന് 500 ദിർഹമായിരിക്കും പിഴ. രണ്ടാംതവണ ആവർത്തിച്ചാൽ 1000 ദിർഹം പിഴ ചുമത്തും. ആവർത്തിച്ചുള്ള നിയമലംഘനത്തിന് 2000 ദിർഹം നൽകേണ്ടിവരും. ഇതിനുപുറമേ അബുദാബി നഗരഭംഗി നശിപ്പിക്കുന്നവിധത്തിലുള്ള പ്രവർത്തനങ്ങൾക്ക് വ്യത്യസ്തതരത്തിലുള്ള പിഴകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ലൈസൻസില്ലാത്ത വാണിജ്യകെട്ടിടങ്ങൾ പരിഷ്കരിച്ചാൽ 4000 ദിർഹംവരെ പിഴയീടാക്കും. വൃത്തിഹീനമായതോ ഉപേക്ഷിക്കപ്പെട്ടതോആയ വാഹനങ്ങൾ പൊതുസ്ഥലത്തിടുന്നതും വാഹന ഭാഗങ്ങൾ പൊതുയിടങ്ങളിൽ ഉപേക്ഷിക്കുന്നതുമെല്ലാം 4000 ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പൊതുജനങ്ങളുടെ കാഴ്ചയെ മറയ്ക്കുന്ന വിധത്തിൽ വസ്തുഉടമകൾ അവരുടെ വസ്തുവകകൾ വേലികെട്ടി മറക്കുകയോ, അടച്ചിടുകയോ ചെയ്താൽ 10,000 ദിർഹം വരെ പിഴചുമത്തും. പൊതുസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന വിധത്തിലുള്ള വസ്തുഉടമകളുടെ പ്രവർത്തനങ്ങൾക്ക് 20,000 ദിർഹംവരെ പിഴചുമത്തും. കൂടാതെ എമിറേറ്റിൽ മാലിന്യംതള്ളുന്നതും സിഗരറ്റ് കുറ്റികൾ ഉപേക്ഷിച്ചിടുന്നതുമെല്ലാം കുറ്റകൃത്യങ്ങളിലുൾപ്പെടും. നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് 4000 ദിർഹം വരെയാണ് പിഴചുമത്തുക.