ഫോർമുല വൺ വേഗപ്പോരിന്റെ രാജാവായി മക്ലാരന്‍റെ ഓസ്കാർ പിയസ്ട്രി. മത്സരത്തിന്‍റെ തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച ഓസ്കാർ ലാപുകൾ വിട്ടുനൽകാതെ വിജയത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു. മേഴ്സിഡസിന്‍റെ ജോർജ് റസലാണ് രണ്ടാമത് ഫിനിഷ് ചെയ്തത്. ഫെറാരിയുടെ ചാൾസ് ലെക്ലാർക്കുമായി അവസാന ലാപിൽ നടന്ന ചൂടേറിയ പോരാട്ടിത്തിനൊടുവിൽ മക്ലാരന്‍റെ ലാൻഡോ നോറിസ് മൂന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.
ലെക്ലാർക്ക് നാലം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഫെറാരിയുടെ ലെവിസ് ഹാമിൾട്ടൻ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ രണ്ട് തവണ ബഹ്റൈൻ ഗ്രാൻഡ് പ്രീ എഫ് വൺ ജേതാവായ മാർക്സ് വെസ്റ്റാപ്പൻ ഇത്തവണ ആരാധകരെ നിരാശരാക്കി. ആറാമതായാണ് വെസ്റ്റാപ്പൻ ലാപ് പൂർത്തിയാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രാക്ടീസ് മത്സരങ്ങളിൽ മക്ലാരൻ ടീമിന്‍റെ സമ്പൂർണാധിപത്യമായിരുന്നു. ആദ്യ മത്സരത്തിൽ ലാൻഡോ നോറിസ് നേടിയ നേട്ടങ്ങൾ രണ്ടും മൂന്നൂം പരിശീലന മത്സരത്തിലും ക്വാളിഫെയർ മത്സരത്തിലും ഓസ്കാർ പിയസ്ട്രി നിലനിർത്തി.
എഫ് വൺ മത്സരത്തിന്‍റെ മുൻനിരയിലെ ആദ്യ സ്ഥാനത്തിനായുള്ള സ്റ്റാർട്ടിങ് ഗ്രിഡ് മത്സരത്തിലും പിയസ്ട്രിക്കായിരുന്നു ആധിപത്യം. എഫ് വൺ മത്സരത്തിൽ രണ്ടാമതായി ഫെരാരിയുടെ ചാൾസ് ലെക്ലർക്കും മൂന്നാമതായി മേഴ്സിഡസിന്‍റെ ജോർജ് റസലുമാണ് സ്റ്റാർട്ട് ചെയ്തത്.
സ്റ്റാർട്ടിങ് ഗ്രിഡിൽ ആറാമതായാണ് നോറിസ് തുടങ്ങിയത്. തുടർ വിജയങ്ങളുടെ ആത്മവിശ്വാസം ഒട്ടും ചോരാതെ തന്നെയാണ് പിയസ്ട്രി ഫോർമുല വൺ മത്സരത്തിനിറങ്ങിയത്. അവസാന അങ്കവും അനായാസം പിയസ്ട്രി സ്വന്തമാക്കുകയായിരുന്നു.