ബഹ്റൈനിൽ ആറ് വർഷത്തിനുള്ളിൽ പള്ളികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി കണക്കുകൾ. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിൽനിന്നുമായി ആറ് വർഷത്തിനുള്ളിൽ 130 പള്ളികൾ നിർമിച്ചതായാണ് ഗവൺമെന്റ് ഡാറ്റാ ഫോമിൽ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ പള്ളികളും പ്രാർഥനാ ഹാളുകളുമായി 1336 മുസ്ലിം ആരാധനാലയങ്ങളാണ് ബഹ്റൈനിലുള്ളത്.
പള്ളികളോടൊപ്പം തന്നെ മുഅദ്ദിനുകളുടെയും ഇമാമുമാരുടെയും എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. ഈദ് പ്രാർഥനാ ഹാളുകൾ 2022 ൽ 189 എണ്ണമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. നിലവിലത് ഇരട്ടിയായി 378 എന്ന നിലയിലെത്തിയിട്ടുണ്ട്. രാജ്യത്തെ മുസ്ലിം ആരാധനാലയങ്ങളുടെ എണ്ണം വർധിക്കുന്നത് നിർമാണത്തിനും വികസനത്തിനുമുള്ള ബഹ്റൈന്റെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്.
വിശ്വാസികളുടെ മതപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ശ്രദ്ധകേന്ദ്രീകരിക്കുന്ന രാജാവിന്റെ ദർശനത്തെയും വികസനത്തെയും ഈ വളർച്ച വ്യക്തമാക്കുന്നു. ബഹ്റൈനിലെ പള്ളികൾ അതിമനോഹരമായ വാസ്തുവിദ്യാ രൂപകൽപനകൾക്കും ഇസ്ലാമിക് പൈതൃകങ്ങൾക്കും പേരുകേട്ടവയാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അത്തരം പള്ളികൾ അനവധിയുണ്ട്. ബഹ്റൈനിലെ ഏറ്റവും വലിയ പള്ളി 7000 പേർക്ക് ഒരേസമയം നമസ്കരിക്കാൻ സാധിക്കുന്ന അൽ ഫത്തേഹ് ഗ്രാൻഡ് മസ്ജിദാണ്. മനോഹരമായ കാലിഗ്രാഫികളും ലോകത്തിലെ ഏറ്റവും വലിയ ഫൈബർഗ്ലാസ് താഴികക്കുടവും ഗ്രാൻഡ് മോസ്കിന്റെ പ്രത്യേകതയാണ്.