ഫാക് കുർബ പദ്ധതിയിലൂടെ 488 തടവുകാർക്ക് മോചനം

ഫാക് കുർബ പദ്ധതിയിലൂടെ 488 തടവുകാർക്ക് മോചനം. ഈ വർഷം ഇതുവരെ 999 തടവുകാർക്കാണ് മോചനം സാധ്യമായത്. ഗുരുതരമല്ലാത്ത ചെറിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർക്കാണ് മോചനം ലഭിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മോചനം നേടിയവരിൽ കൂടുതൽ പേരും മസ്‌കത്തിലെ ജയിലുകളിൽ കഴിഞ്ഞിരുന്നവരാണ്-202 തടവുകാർ. വടക്കൻ ബാത്തിന (118), ദാഹിറ (16), ബുറൈമി (55), തെക്കൻ ശർഖിയ (7), തെക്കൻ ബാത്തിന (4), ദാഖിലിയ (16), വടക്കൻ ശർഖിയ (22), ദോഫാർ (43), അൽ വുസ്ത (1) എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിൽ നിന്നും മോചനം നേടിയവരുടെ എണ്ണം.

ചെറിയ കുറ്റങ്ങൾക്ക് പിഴത്തുക അടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുർബ. പദ്ധതിക്ക് ഇത്തവണയും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഫാക് കുർബയിലൂടെ ആയിരക്കണക്കിന് പേരെയാണ് കഴിഞ്ഞ കാലങ്ങളിൽ ഉറ്റവരുടെ സ്നേഹ തണലിലേക്ക് മടക്കിയെത്തിക്കാൻ സാധിച്ചത്.

1,300 തടവുകാർക്ക് ഈ വർഷം മോചനം സാധ്യമാക്കാൻ കഴിയുമെന്നാണ് ഒമാൻ ലോയേഴ്സ് അസോസിയേഷൻറെ പ്രതീക്ഷ. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *