പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം; പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ

പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം സംബന്ധിച്ച പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

സാമ്പത്തിക, സാമൂഹിക, വികസന പദ്ധതികളിൽ ഏർപ്പെടാൻ അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും പൊതു സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കുന്ന പങ്കാളിത്തം വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഷെയ്ഖ് മുഹമ്മദ് യോഗത്തെ സംമ്പന്ധിച്ച് ട്വീറ്റ് ചെയ്തത്. കൂടാതെ കോവിഡ് -19 പാൻഡെമിക്കിന്റെ പ്രത്യാഘാതങ്ങളെ യുഎഇ എങ്ങനെ മറികടന്നുവെന്ന് നിരവധി ട്വീറ്റുകളിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പാൻഡെമിക്കിന് മുമ്പുള്ളതിനേക്കാൾ ഉയർന്നു. ആഗോള വ്യാപാരം ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ലെങ്കിലും യുഎഇയുടെ സമ്പദ്വ്യവസ്ഥ ശക്തി പ്രാപിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 1.053 ട്രില്യൺ ദിർഹം നേടിയതിലൂടെ ഒരു പുതിയ നേട്ടം കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിവുള്ളവരെ ആകർഷിക്കുന്നതിലും അടിസ്ഥാന സൗകര്യവികസനത്തിലും നിയമനിർമ്മാണത്തിലും ഉൾപ്പെടെ 156 സൂചകങ്ങളിൽ ആഗോളതലത്തിൽ യുഎഇ ഒന്നാമതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *