പെർമിറ്റ് ഇല്ലാതെ ഹജ്ജിനെത്തിയാൽ 20,000 റിയാൽ പിഴയാണ് ശിക്ഷയെന്ന് സൗദി ആഭ്യന്തര വകുപ്പിൻറെ മുന്നറിയിപ്പ്. എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ‘പെർമിറ്റ് ഇല്ലാതെ ഹജ്ജ് പാടില്ല’ എന്ന കാമ്പയിനിൻറെ ഭാഗമാണിതെന്നും പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ മക്കയിലേക്ക് കടക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 20,000 റിയാൽ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏത് തരം സന്ദർശന വിസകളിൽ രാജ്യത്ത് എത്തിയവരായാലും ഹജ്ജ് പെർമിറ്റില്ലാതെ (തസ്‌രീഹ്) മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നത് കുറ്റകരമാണ്.
മക്ക നഗര പരിധി, നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും, നഗര ഹൃദയം, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ സ്‌റ്റേഷൻ, താൽക്കാലിക സുരക്ഷാ ചെക്കിങ് കേന്ദ്രങ്ങൾ, സോർട്ടിങ് കേന്ദ്രങ്ങൾ, സുരക്ഷാ ചെക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എവിടെവെച്ച് കണ്ടാലും അറസ്റ്റ് ചെയ്യപ്പെടും. ഹജ്ജിനായി നുഴഞ്ഞുകയറുന്നവർ വിദേശികളാണെങ്കിൽ 10 വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കുമെന്നും മന്ത്രാലയം അറിയിച്ചു.