നികുതി നിയമം ലംഘിച്ച അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും 26.2 ലക്ഷം ദിർഹം പിഴ ചുമത്തി യു.എ.ഇ സെൻട്രൽ ബാങ്ക്. കോമൺ റിപ്പോർട്ടിങ് സ്റ്റാൻഡേഡ്, ഫോറിൻ അക്കൗണ്ട് ടാക്‌സ് കംപ്ലയൻസ് ആക്ട് എന്നിവ പ്രകാരമുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും മേൽ സെൻട്രൽ ബാങ്ക് നടപടിയെടുത്തത്.
യു.എ.ഇയുടെ സാമ്പത്തിക വ്യവസ്ഥയുടെ ഗുണനിലവാരം ഉയർത്തുകയും നികുതിവെട്ടിപ്പ് തടയുകയും ചെയ്യാൻ ഇത്തരം നടപടികൾ സഹായിക്കുമെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക് വിശദീകരിച്ചു. അതോടൊപ്പം ധന, ഇൻഷുറൻസ് മേഖലയിൽ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം കർശന നടപടികൾ വഴി ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്ന സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള യു.എ.ഇ യുടെ സ്ഥാനം നിലനിർത്താൻ സാധിക്കുമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.