നിയമനിർമാണ സഭകളിലെ വനിതാ പ്രാതിനിധ്യത്തിൽ യുഎഇയുടെ വൻ മുന്നേറ്റം. ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള ആദ്യ അഞ്ചു രാഷ്ട്രങ്ങളിൽ യുഎഇ ഇടംപിടിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ രാഷ്ട്രീയത്തിലെ വനിതകൾ എന്ന റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച് വിശദവിവരങ്ങളുള്ളത്. യൂറോപ്യൻ രാഷ്ട്രമായ അൻഡോറയ്‌ക്കൊപ്പം പട്ടികയിൽ അഞ്ചാമതാണ് യുഎഇ. അമ്പത് ശതമാനമാണ് യുഎഇ നിയമനിർമാണ സഭയായ ഫെഡറൽ നാഷണൽ കൗൺസിലിൽ വനിതകളുടെ പ്രാതിനിധ്യം.
കിഴക്കൻ ആഫ്രിക്കൻ രാഷ്ട്രമായ റുവാണ്ടയാണ് പട്ടികയിൽ ഒന്നാമത് – വനിതാ പ്രാതിനിധ്യം 63.8 ശതമാനം. ക്യൂബ, നിക്കരാഗ്വ, മെക്‌സികോ രാഷ്ട്രങ്ങളാണ് അടുത്തടുത്ത സ്ഥാനങ്ങളിലുള്ളത്. ഒമാൻ, യെമൻ, ഓഷ്യാനിയ രാഷ്ട്രമായ തുവാലു എന്നിവിടങ്ങളിലെ സഭകളിൽ സ്ത്രീ പ്രാതിനിധ്യമില്ല. 13.8 ശതമാനമാണ് ഇന്ത്യയുടെ പ്രാതിനിധ്യം.
ഏറ്റവും കൂടുതൽ വനിതാ ക്യാബിനറ്റ് മന്ത്രിമാരുള്ള രാഷ്ട്രം നിക്കരാഗ്വയാണ്. ഫിൻലാൻഡ്, ഐസ്ലാൻഡ് രാഷ്ട്രങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 193ൽ പതിനാറു രാഷ്ട്രങ്ങളിൽ മാത്രമാണ് സ്ത്രീകൾ ഗവണ്മെന്റിന് നേതൃത്വം നൽകുന്നത്.