ദു​ബൈ​യി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ണ​സ്, 27.7 കോ​ടി ദി​ർ​ഹം അ​നു​വ​ദി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 27.7 കോടി ദിർഹം അനുവദിച്ചു. വെള്ളിയാഴ്ച ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഇതാദ്യമായല്ല സർക്കാർ ജീവനക്കാർക്ക് വൻ തുക ബോണസ് അനുവദിക്കുന്നത്. 2023ൽ 15.2 കോടി ദിർഹം ബോണസായി സർക്കാർ അനുവദിച്ചിരുന്നു. മികച്ച പ്രകടനം നടത്തിയ സർക്കാർ ജീവനക്കാരെ ശൈഖ് മുഹമ്മദ് അഭിനന്ദിക്കുകയും ചെയ്തു. ദുബൈയുടെ വിജയത്തിൽ അവരുടെ സമർപ്പണവും ആത്മാർഥതയും നിർണായകമാണെന്നും സേവന മികവ് നിരന്തരം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു സർവേയിൽ യു.എ.ഇ നിവാസികളിൽ ഏകദേശം 75 ശതമാനം പേർക്കും ഈ വർഷം ബോണസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു. ബാങ്കിങ്, ആരോഗ്യ സുരക്ഷ, സാങ്കേതിക വിദ്യ, കൺസൽട്ടൻസി തുടങ്ങിയ ഉയർന്ന വളർച്ചയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് 2024ൽ ഏറ്റവും ഉയർന്ന ബോണസുകൾ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. പ്രത്യേക തസ്തികകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ആറ് മാസത്തെ ശമ്പളം വരെയാണ് ബോണസായി ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *