12 തൊഴിലാളികളെ നിയമവിരുദ്ധമായി ജോലിക്ക് നിയമിച്ച രണ്ടുപേർക്ക് ആറു ലക്ഷം ദിർഹം പിഴ ചുമത്തി. കഴിഞ്ഞമാസം ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) നടത്തിയ പരിശോധനയിലാണ് രണ്ടുപേരും പിടിയിലായത്. ഇവരിൽ ഒരാൾ ഇമാറാത്തി പൗരനും മറ്റൊരാൾ ഏഷ്യൻ വംശജനുമാണ്. പിടിയിലായ 12 തൊഴിലാളികൾക്കും 1000 ദിർഹം വീതം പിഴ ചുമത്തുകയും രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം നിയമലംഘകരെ കണ്ടെത്താൻ ഐ.സി.പി 252 പരിശോധനകളാണ് നടത്തിയത്. പരിശോധനയിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. പെർമിറ്റില്ലാതെ തൊഴിലാളികളെ ജോലി ചെയ്യിക്കുക, ഒരു കമ്പനി വിസയിലെത്തിയശേഷം മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുക എന്നിങ്ങനെ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ‘ഒരു സുരക്ഷിത സമൂഹത്തിലേക്ക്’ എന്ന തലക്കെട്ടിൽ നടക്കുന്ന കാമ്പയിനിൻറെ ഭാഗമായി 4,771 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന ചട്ടങ്ങളും നടപടികളും എല്ലാ കക്ഷികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നിയമം പ്രയോഗിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ ലഫ്. ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു. വിദേശ തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്നും യു.എ.ഇയുടെ നിയമ ചട്ടക്കൂടിനുള്ളിൽ അവർക്ക് മാന്യമായ ജീവിതം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിടിയിലാകുന്നവരെ ബന്ധപ്പെട്ട ജുഡീഷ്യൽ അതോറിറ്റിക്ക് റഫർ ചെയ്യുകയും പിന്നീട് പിഴ ഉൾപ്പെടെ ശിക്ഷകൾ ചുമത്തുകയുമാണ് ചെയ്യുക. നിയമലംഘകർക്ക് മാത്രമല്ല, ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ അവരെ ജോലിക്കെടുക്കുന്നവർക്കും അഭയം നൽകുന്നവർക്കും പിഴ ബാധകമാണ്. ചില കേസുകളിൽ പബ്ലിക് പ്രോസിക്യൂഷൻ നിയമലംഘകരെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.
അനുവാദമില്ലാതെ വിദേശ തൊഴിലാളികളെ നിയമിക്കുകയോ നിശ്ചിത നടപടിക്രമങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ ഓരോ നിയമലംഘനത്തിനും 50,000 ദിർഹം പിഴ ചുമത്താവുന്നതാണ്. ഒന്നിലധികം ലംഘനങ്ങൾ നടന്നാൽ പിഴ തുക വർധിക്കുകയും ചെയ്യും.