ദുബൈയിലെ ഫ്രീസോൺ ബിസിനസുകൾ മറ്റിടങ്ങളിലേക്ക് വികസിപ്പിക്കാം

ബിസിനസ് രംഗത്തിന് വളരെ വലിയ രീതിയിൽ ഗുണം ചെയ്യുന്ന സുപ്രധാന പ്രഖ്യാപനവുമായി ദുബൈ. എമിറേറ്റിലെ ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് മെയിൻലാൻഡ് മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. വളർച്ചയിലും നിക്ഷേപങ്ങളിലും പുതിയ അവസരങ്ങൾ തുറക്കുന്നതാണ് തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദുബൈ ഇൻറർനാഷനൽ ഫിനാൻഷ്യൽ സെൻറൻറിൽ ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് പുതിയ ഇളവ് ഉപയോഗപ്പെടുത്താം. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ദുബൈ എക്‌സിക്യുട്ടിവ് കൗൺസിൽ ചെയർമാൻ എന്ന നിലയിൽ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

2033 ആകുമ്പോഴേക്കും നഗരത്തിന്റെ സമ്പദ്വ്യവസ്ഥ ഇരട്ടിയാക്കാനും ലോകത്തിലെ ഏറ്റവും മികച്ച മൂന്നു സാമ്പത്തിക കേന്ദ്രങ്ങളിൽ ദുബൈയുടെ സ്ഥാനം ഉറപ്പിക്കാനും ലക്ഷ്യമിടുന്ന ദുബൈ സാമ്പത്തിക അജണ്ട(ഡി33)യുടെ ഭാഗമായാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തോടെ ഫ്രീ സോൺ കമ്പനികൾക്ക് ദുബൈയിലെ പ്രധാന വിപണികളിലേക്ക് പ്രവേശിക്കാൻ വഴിതുറക്കും.

ഇത് ഇത്തരം ബിസിനസുകളുടെ ഉപഭോക്തൃ അടിത്തറ വലിയ രീതിയിൽ വർധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ദുബൈ മെയിൻലാൻഡിൽ ഇത്തരം ബിസിനസുകൾക്ക് ഒരു ബ്രാഞ്ച് തുറക്കാനും പ്രത്യേക പ്രവർത്തനങ്ങൾക്ക് പെർമിറ്റ് നേടാനും സാധിക്കും. ഇതിനായി ദുബൈ ഇക്കോണമി ആൻഡ് ടൂറിസം വകുപ്പിലാണ് ലൈസൻസിന് അപേക്ഷിക്കേണ്ടത്. ലൈസൻസുകൾക്ക് ഒരു വർഷത്തേക്കുള്ള സാധുതയാണുണ്ടാവുക. അതേസമയം ഇതു പുതുക്കാവുന്നതുമാണ്. കമ്പനികൾ മെയിൻലാൻഡ്, ഫ്രീ സോൺ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക രേഖകൾ സൂക്ഷിക്കുകയും എല്ലാ ഫെഡറൽ, പ്രാദേശിക നിയന്ത്രണങ്ങളും പാലിക്കുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.

പുതിയ ഉത്തരവ് പ്രകാരം അനുവദനീയമായ സാമ്പത്തിക പ്രവർത്തനങ്ങളുടെ പട്ടിക ആറു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. ഫ്രീസോണുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന നിലവിലുള്ള ബിസിനസുകൾ ഒരു വർഷത്തിനുള്ളിൽ പുതിയ നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *