ദുബായ് ആർ.ടി.എ ഡിജിറ്റൽ വരുമാനം 440 കോടി കവിഞ്ഞു

കഴിഞ്ഞ വർഷം ഡിജിറ്റൽ സേവന രംഗത്തെ വരുമാനത്തിൽ വൻ വർധന നേടി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 2024ൽ അതോറിറ്റിയുടെ ഡിജിറ്റൽ വരുമാനം 440 കോടി ദിർഹം കവിഞ്ഞു. 2023നെ അപേക്ഷിച്ച് വരുമാനത്തിൽ 16 ശതമാനത്തിൻറെ വർധനയാണ് രേഖപ്പെടുത്തിയത്. ആർ.ടി.എയുടെ സ്മാർട്ട് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധന വന്നതോടെയാണ് വരുമാനം കുതിച്ചത്. കഴിഞ്ഞ വർഷം ആർ.ടി.എയുടെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുമായി ഏതാണ്ട് 68 കോടി ഇടപാടുകളാണ് നടന്നത്.

96 ശതമാനം ഉപഭോക്താക്കളും ഡിജിറ്റൽ സേവനങ്ങളിൽ സംതൃപ്തരുമാണെന്ന് ആർ.ടി.എ അറിയിച്ചു. ഡിജിറ്റൽ ഇന്നവേഷൻ ലീഡർ എന്നനിലയിൽ ആർ.ടി.എയുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നതാണീ കണക്കുകൾ.2023ൽ 67.96 കോടി ഡിജിറ്റൽ ഇടപാടുകൾ നടന്നു. ഇതിൽ 1.34 കോടി ഇടപാടുകൾ സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയാണ്. പൊതുസേവന മേഖലകളിൽ ഡിജിറ്റൽവത്കരണം നടപ്പാക്കുന്നതിൽ ദുബൈയുടെ ത്വരിതഗതിയിലുള്ള മുന്നേറ്റമാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്. അതേസമയം, ആർ.ടി.എയുടെ ആപ് ഉപഭോക്താക്കളുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞ വർഷം 37.42 ലക്ഷം ഡൗൺലോഡുകളാണ് നടന്നത്.

2023നെ അപേക്ഷിച്ച് 18 ശതമാനമാണ് വർധന. രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുടെ എണ്ണത്തിൽ 27.5 ശതമാനത്തിൻറെ വർധനയും രേഖപ്പെടുത്തി. മൊത്തം 19.4 ലക്ഷം ഡൗൺലോഡുകളാണ് നടന്നത്.
ഡിജിറ്റൽ പാർക്കിങ് സേവനങ്ങളിൽ വളർച്ച രേഖപ്പെടുത്തി. സ്മാർട്ട് ആപ്പുകൾ വഴി ഏതാണ്ട് മൂന്നു കോടി ടിക്കറ്റുകളാണ് നൽകിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച 24 ശതമാനമാണ് വർധന.ദുബൈയിലെ ജനങ്ങളുടെ ഡിജിറ്റൽ ജീവിത നിലവാരം ഉയർത്തുന്നതിന് തടസ്സമില്ലാത്ത സേവനങ്ങൾ നൽകുന്നതിനാണ് ഡിജിറ്റൽ ആപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.ആർ.ടി.എ ഏകീകൃത ഡിജിറ്റൽ ആപ്പിൽ 33 സേവനങ്ങൾ നിലവിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *