തൊഴിൽ നിയമലംഘനം; ഒമാനിൽ 810 പ്രവാസികളെ നാടുകടത്തി

ഒമാനിൽ അനധികൃത തൊഴിലാളികളെയും തൊഴിൽ നിയമലംഘനങ്ങളെയും കണ്ടെത്തുന്നതിന് തൊഴിൽ മന്ത്രാലയം കഴിഞ്ഞ വർഷം നടത്തിയത് 1599 പരിശോധന കാമ്പയിനുകൾ. 810 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബറിലെ ജോയന്റ് ഇൻസ്‌പെക്ഷൻ ടീം ഓഫിസ് വഴിയായിരുന്നു തൊഴിൽ മന്ത്രാലയം പരിശോധനകൾ ഊർജിതമാക്കിയിരുന്നത്. പരശോധനയിലൂടെ 3,853 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.

499 തൊഴിലാളികൾ ജോലി ഉപേക്ഷിച്ചതായും 768 പേർ രജിസ്റ്റർ ചെയ്ത തൊഴിലുടമകൾക്ക് പുറമെ മറ്റ് തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്നതായും കണ്ടെത്തി. സ്വയം തൊഴിൽ ചെയ്യുന്നവരോ താമസാനുമതി കാലാവധി കഴിഞ്ഞവരോ ആയ 1,886 കേസുകളും രജിസ്റ്റർ ചെയ്തു. 453 റിപ്പോർട്ടുകൾ കൂടുതൽ നിയമനടപടികൾക്കായി മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.അതേസമയം, തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ് തൊഴിൽ മന്ത്രാലയം. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന്റെ പരിശോധന യൂനിറ്റുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തുന്നത്.

കഴിഞ്ഞ ജനുവരി അഞ്ച് മുതൽ മന്ത്രാലയം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന് ചില ചുമതലകൾ കൂടി നൽകിയിട്ടുണ്ട്. നിയമവിരുദ്ധവും അനധികൃതവുമായ തൊഴിൽ തടയുന്നതിനൊപ്പം നിയമലംഘനങ്ങളുടെ എണ്ണം കുറക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഒമാനി തൊഴിലാളികളുടെ തൊഴിൽ സുഗമമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. സുരക്ഷ സേവനങ്ങളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പരിശോധന യൂനിറ്റ്, തൊഴിൽ മന്ത്രാലയവുമായി ഒപ്പുവെച്ച ഒരു കരാറിന് കീഴിൽ 2024 ലാണ് രൂപവത്കരിക്കുന്നത്. പരിശോധന ജോലികൾ നടത്തുന്നതിലും സുരക്ഷ പിന്തുണ സേവനങ്ങൾ നൽകുന്നതിലും തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട ലേബർ കെയർ സെന്ററുകൾ കൈകാര്യം ചെയ്യുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന്റെ പരിശോധന യൂനിറ്റ് നിലവിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. റോയൽ ഡിക്രി നമ്പർ 18/2024 പ്രകാരം ജുഡീഷ്യൽ അധികാരം ഇൻസ്‌പെക്ഷൻ യൂനിറ്റിനുണ്ട്. ഇത് തൊഴിൽ നിയമവും ഒമാനൈസേഷൻ നിയന്ത്രണങ്ങളും നടപ്പാക്കാനുള്ള സ്ഥാപനത്തിന്റെ കഴിവ് വർധിപ്പിക്കുന്നു.

പരിശോധന കാമ്പയിനുകൾക്കിടയിൽ സുരക്ഷ പിന്തുണ നൽകുന്നതിനും, തൊഴിൽ നിയമം ലംഘിക്കുന്ന ഒമാനി ഇതര തൊഴിലാളികളെ പിടികൂടുന്നതിനും, ലേബർ കെയർ സെന്ററുകൾ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു. നിലവിൽ മസ്‌കത്ത്, വടക്കൻ ബാത്തിന, ദോഫാർ എന്നിവിടങ്ങളിൽ ഇൻസ്‌പെക്ഷൻ യൂനിറ്റ് പ്രവർത്തിക്കുന്നു. മറ്റ് ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ലേബർ കെയർ സെന്ററുകൾ ഈ യൂനിറ്റ് തയാറാക്കിയിട്ടുണ്ട്. കൂടാതെ സുരക്ഷ, ആരോഗ്യം മാനദണ്ഡങ്ങൾ എന്നിവ പാലിക്കുകയും ചെയ്യുന്നു. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റിയൂഷൻ റിക്രൂട്ട് ചെയ്യുന്നവർക്ക് പരിശീലനം നൽകുന്നു. ബന്ധപ്പെട്ട അധികാരികളുമായി പ്രത്യേക കോഴ്‌സുകളും നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *