ദുബൈ എമിറേറ്റിലെ പാർക്കിങ് ഓപറേറ്റായ പാർക്കിൻ നഗരത്തിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് പുതിയ പാർക്കിങ് ഫീസ് നിരക്ക് വ്യാപിപ്പിച്ചു. ഇസെഡ്, ഡബ്ല്യു, ഡബ്ല്യു.പി എന്നീ മേഖലകൾക്ക് കീഴിൽ വരുന്ന ഏരിയകളിലാണ് പുതിയ പാർക്കിങ് നിരക്ക് പ്രാബല്യത്തിലായതെന്ന് പാർക്കിൻ അധികൃതർ ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഇതുപ്രകാരം കറാമ (318 ഡബ്ല്യു), ഖിസൈസ് ഫസ്റ്റ് (32 ഡബ്ല്യു), മദീനത്ത് ദുബൈ, അൽ മലാഹിയ (321 ഡബ്ല്യു), അൽ കിഫാഫ് (324 ഡബ്ല്യു.പി) എന്നീ മേഖലകളിലാണ് പുതിയ നിരക്ക് ഈടാക്കുക.
ഡബ്ല്യൂ.പി മേഖലയിൽ വരുന്ന അൽ കിഫാഫിൽ രാവിലെ എട്ടു മുതൽ 10 വരെയും വൈകീട്ട് നാലു മുതൽ എട്ടുവരെയും ആറ് ദിർഹവും തിരക്കില്ലാത്ത സമയങ്ങളിൽ നാലു ദിർഹവും പാർക്കിങ് ഫീസ് ഈടാക്കും. ഡബ്ല്യു മേഖലയിൽ വരുന്ന ഖിസൈസ്, മദീനത്ത് ദുബൈ, അൽ മലാഹിയ എന്നിവിടങ്ങളിൽ മുഴുവൻ സമയങ്ങളിലും നാല് ദിർഹമായിരിക്കും പാർക്കിങ് ഫീസ്. നിലവിലുള്ള നയപ്രകാരം ഞായറാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലും എല്ലാ മേഖലകളിലും പാർക്കിങ് സൗനജ്യമായി തുടരുമെന്നും പാർക്കിൻ വ്യക്തമാക്കി. അതേസമയം, പ്രദേശവാസികൾക്ക് പ്രതിമാസ നിരക്കിൽ പാർക്കിങ് ഫീസ് അടക്കാനുള്ള സൗകര്യവുമേർപ്പെടുത്തിയിട്ടുണ്ട്.
തിരക്ക് അനുസരിച്ച് എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി പാർക്കിങ് മേഖലകളെ തരംതിരിച്ചിരുന്നു. പി എന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങൾ പ്രീമിയം വിഭാഗത്തിലാണ് ഉൾപ്പെടുക. ഇവിടെ വ്യത്യസ്ത നിരക്കാണ് ഈടാക്കുക.