ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള 40 വിശ്രമകേന്ദ്രങ്ങൾ നിർമ്മിച്ചതായി ദുബായ് ആർടിഎ

ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള എയർ-കണ്ടിഷൻ ചെയ്ത 40 വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. 2025 ഫെബ്രുവരി 16-നാണ് ഇത് സംബന്ധിച്ച അറിയിപ്പ് ദുബായ് മീഡിയ ഓഫീസ് നൽകിയത്. എമിറേറ്റിലുടനീളം നാല്പത് വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന് ആർടിഎ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവയുടെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.

ഡെലിവറി സേവനങ്ങൾക്ക് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ച് പഠനം നടത്തിയ ശേഷമാണ് ഈ വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ഇടങ്ങൾ തിരഞ്ഞെടുത്തത്. മാത്രമല്ല ഡെലിവറി ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുള്ള എയർ-കണ്ടിഷൻ ചെയ്ത ഇടങ്ങൾ, സ്നാക്ക് വെൻഡിങ് മെഷീനുകൾ, കുടിവെള്ളം, മൊബൈൽ ഫോൺ ചാർജിങ് സ്റ്റേഷനുകൾ തുടങ്ങിയവ ഇത്തരം വിശ്രമകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

കൂടാതെ ഇത്തരം സേവനങ്ങൾക്ക് ഉപയോഗിക്കുന്ന ബൈക്കുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്. പുതിയ ഡെലിവറി ഓർഡറുകൾ ലഭിക്കുന്നതിനായി കാത്തിരിക്കുന്ന സമയങ്ങളിലും ഇത്തരം വിശ്രമകേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുക, ജീവിതനിലവാരം ഉയർത്തുക, ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആർടിഎ ഇതിലൂടെ മുന്നോട്ട് വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *