ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ രണ്ട് കോണ്‍കോഴ്സുകള്‍ കൂടി തുറന്നു

 ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ശേഷി വർധിപ്പിച്ച് രണ്ട് കോൺകോഴ്സുകൾ കൂടി തുറന്നു. ഡി, ഇ കോൺകോഴ്സുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. ഇതോടെ പ്രതിവർഷം 6.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് സാധിക്കും.

2018ൽ തുടങ്ങിയ ഹമദ് വിമാനത്താവള വികസനത്തിന്റെ ഭാഗമായാണ് പുതിയ കോൺകോഴ്സുകളുടെ നിർമാണവും തുടങ്ങിയത്. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിൽ നിർണായക ചുവടുവെപ്പാണ് ഹമദ് വിമാനത്താവളം നടത്തിയതെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒ എൻജിനീയർ ബദർ മുഹമ്മദ് അൽമീർ പറഞ്ഞു.

പുതിയ കോൺകോഴ്സുകൾ കൂടി ചേരുന്നതോടെ വിമാനത്താവള ടെർമിനലിന്റെ വിസ്തീർണം 84,500 സ്ക്വയർ മീറ്ററായി ഉയർന്നു. 17 എയർക്രാഫ്റ്റ് കോൺടാക്റ്റ് ഗേറ്റുകളാണ് പുതുതായി വന്നത്. ഇതോടെ ഗേറ്റുകളുടെ എണ്ണം 62 ആയി. വിമാനത്താവളത്തിനകത്തെ ബസ് യാത്ര കുറക്കാനും കൂടുതൽ സർവീസുകൾ നടത്താനും ഇതുവഴി സാധിക്കും. അത്യാധുനിക സെൽഫ് ബോർഡിങ് സാങ്കേതികവിദ്യ, ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് എളുപ്പത്തിൽ വിമാനത്തിലേക്ക് പ്രവേശിക്കാനുള്ള റാംപുകൾ എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പുതിയ കോൺകോഴ്സുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

വിമാനത്താവള വികസനം കൃത്യനിഷ്ഠയോടെ പൂർത്തിയാക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും വിമാനത്താവളത്തിന്റെ പ്രതിപക്ഷ യാത്രക്കാരുടെ ശേഷി 6.5 കോടിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ നിർണായക ചുവടുവെപ്പ് കൂടിയാണ് പുതിയ കോൺകോഴ്സുകളെന്നും ബദർ മുഹമ്മദ് അൽമീർ പറഞ്ഞു. ഏഴുവർഷം മുമ്പ് ആരംഭിച്ച വിമാനത്താവള വികസന പദ്ധതിയിലെ ശ്രദ്ധേയമായ ചൂടുവെപ്പാണ് ഇതെന്നും ബദർ മുഹമ്മദ് അൽമീർ പറഞ്ഞു. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള സ്കൈ ട്രാക്സ് പുരസ്കാരം ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *