കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവൽ റാഫിൾ ഡ്രോ ക്രമക്കേടിൽ ഉൾപ്പെട്ടതായി കരുതുന്ന ഈജിപ്ത്യൻ സ്ത്രീയെ അറസ്റ്റ് ചെയ്തു. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ക്രിമിനൽ അന്വേഷണ സംഘം ഇവരെ പിടികൂടിയത്.
കൂടുതൽ അന്വേഷണം നടത്താൻ സ്ത്രീയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സംഭവത്തിൽ ഇവരുടെ ഭർത്താവും അറസ്റ്റിലായതായി റിപ്പോർട്ടുണ്ട്. അതിനിടെ അന്വേഷണ സംഘം സംശയിക്കപ്പെടുന്ന മന്ത്രാലയ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. ക്രമക്കേടിൽ ഉൾപ്പെട്ടതായി സംശയിക്കപ്പെടുന്നയാളുകളുടെ വിവരങ്ങൾ വിമാനത്താവളത്തിലും എല്ലാ എൻട്രി, എക്സിറ്റ് പോയന്റുകളിലേക്കും കൈമാറിയിരുന്നതായി അധികൃതർ അറിയിച്ചു.
ഷോപ്പിങ് ഫെസ്റ്റിവൽ റാഫിൾ ഡ്രോയിൽ ക്രമക്കേട് നടന്നതായ ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം നറുക്കെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയുടെ ഉള്ളടക്കവും മന്ത്രാലയം പരിശോധിച്ചു. തുടർന്നാണ് നടപടിയിലേക്ക് കടന്നത്.