ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഒമാനും റഷ്യയും വിസ ഇളവ് ഉൾപ്പെടെ ഒമ്പത് പ്രധാന കരാറുകളിൽ ഒപ്പുവച്ചു. മോസ്കോയിലെ ക്രെംലിൻ കൊട്ടാരത്തിൽ റഷ്യൻ പ്രസിഡന്റ് സുൽത്താനുമായി കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാനിലേക്ക് തിരിച്ചു.
പരസ്പര വിസ ഇളവ്, ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര ലഘൂകരിക്കൽ, ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തൽ എന്നിവയാണ് ഇരു രാജ്യങ്ങളും ഒപ്പിട്ട കരാറിൽ ഉൾപ്പെടുന്നത്. സംയുക്ത സാമ്പത്തിക സമിതിക്ക് അടിത്തറ പാകുന്ന സാമ്പത്തിക, സാങ്കേതിക സഹകരണ പ്രോട്ടോക്കോളിലും വിവിധ മേഖലകളിലായി ഒമ്പത് ധാരണാപത്രങ്ങളിൽ ഒപ്പിട്ടു. കാലാവസ്ഥാ വ്യതിയാനം, ഗതാഗതം, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവക്കെതിരായ പോരാട്ടം, മത്സ്യബന്ധന മേഖല വികസനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒമാനി, റഷ്യൻ നയതന്ത്ര അക്കാദമികൾ തമ്മിലുള്ള പങ്കാളിത്തം ഉൾപ്പെടെ മാധ്യമം, വിവര കൈമാറ്റം, നയതന്ത്ര പരിശീലനം എന്നിവയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളിലും എത്തി.
റഷ്യൻ പ്രസിഡന്റുമായി സുൽത്താൻ ഹൈതം ഉഭയകക്ഷി ചർച്ചകൾ നടത്തി. മോസ്കോയിലെ ക്രെംലിൻ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സംയുക്ത താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി അവയെ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യ്തു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി. സന്ദർശനം പൂർത്തിയാക്കി സുൽത്താൻ മസ്കത്തിലേക്ക് തിരിച്ചു.