ഒമാനിന്റെ പ്രകൃതി മനോഹാരിത ആസ്വദിക്കാൻ എത്തുന്ന സന്ദർശകർക്ക് ഉത്തരവാദിത്തവും സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പൈതൃക, ടൂറിസം മന്ത്രാലയം പൊതു മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇത് സന്ദർശകരുടെ സുരക്ഷയും സംതൃപ്തിയും വർധിപ്പിക്കുന്ന വിധത്തിലാണ്. പ്രത്യേകിച്ച് ഗ്രാമങ്ങൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, ഓഫ്-റോഡ് സ്ഥലങ്ങൾ, സാംസ്കാരിക മേഖലകൾ എന്നിവ സന്ദർശിക്കുമ്പോഴുള്ള മാർഗനിർദ്ദേശങ്ങൾ താഴെ പറയും വിധമാണ്.
● ശബ്ദം പരമാവധി കുറച്ച് ഒമാന്റെ ശാന്തതയെ ബഹുമാനിക്കാൻ സന്ദർശകർ തയ്യാറാവണം.
● ആളുകളുടെ ഫോട്ടോ എടുക്കുന്നതിനോ സ്വകാര്യ പരിസരങ്ങളിൽ പ്രവേശിക്കുന്നതിനോ മുമ്പ് അനുവാദം ചോദിക്കുക.
● അനുവദമില്ലാതെ പ്രവേശിക്കുന്നത് നുഴഞ്ഞുകയറുന്നതിന് തുല്യമായി കണക്കാക്കപ്പെടുന്നു.
● ഒമാനെ മാലിന്യരഹിതമായി നിലനിർത്താൻ സഹായിക്കുക.
● മാലിന്യം അതിന്റെ നിയുക്ത സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നു എന്ന് ഉറപ്പാക്കുക.
● ടൂറിസം മന്ത്രാലയം നൽകുന്ന സാധുവായ ടൂർ ഗൈഡ് ലൈസൻസ് നിങ്ങളുടെ ഗൈഡിന് ഉണ്ടെന്ന് ഉറപ്പാക്കുക.
● ഗ്രാമ സന്ദർശനങ്ങളിൽ വന്യജീവികൾക്കും ജൈവവൈവിധ്യത്തിനും ഭംഗം വരുന്ന രീതികൾ ഒരുകാരണവശാലും പിന്തുടരരുത്.
● പഴങ്ങളും പച്ചക്കറികളും പറിക്കുന്നതും രുചിക്കുന്നതും ഗ്രാമീണരുടെ വരുമാന സ്രോതസ്സായതിനാൽ അനുചിതമായി കണക്കാക്കപ്പെടുന്നു.
● ജലസ്രോതസ്സിനെ മലിനമാക്കരുത്. ഗ്രാമീണർ കുടിവെള്ളത്തിനും കൃഷിക്കും പരമ്പരാഗത ജല സംവിധാനങ്ങളെ ആശ്രയിക്കുന്നരീതിയാണ് ഒമാനിൽ.
● ഗ്രാമങ്ങളിലും പരിസര പ്രദേശങ്ങളിലും പര്യവേക്ഷണം ചെയ്യുമ്പോൾ നിയുക്തമായ പാതകളിൽ മാത്രം യാത്ര ചെയ്യുക.
● ഗ്രാമീണർക്ക് അസൗകര്യമുണ്ടാകാതിരിക്കാൻ മാർഗ്ഗ തടസ്സം ഇല്ലാത്ത പ്രദേശങ്ങളിൽ മാത്രം നിങ്ങളുടെ വാഹനം പാർക്ക് ചെയ്യുക.
● എല്ലായ്പ്പോഴും ഉയർന്ന സ്ഥലത്ത് ക്യാമ്പ് ചെയ്യുക.
● വെള്ളപ്പൊക്ക സാധ്യതയുള്ള വാദികൾ ഒഴിവാക്കുക.
● മരുഭൂമി യാത്രകളിൽ വാഹനങ്ങളിൽ ജിപിഎസ് ട്രാക്കറുകളും സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരിക്കണം.
● യോഗ്യതയുള്ള ഒരു ടൂർ ഗൈഡിനൊപ്പം മാത്രമേ യാത്ര ചെയ്യാൻ നിർദ്ദേശിക്കുന്നുള്ളൂ, ഒന്നിലധികം വാഹനങ്ങളുള്ള ഗ്രൂപ്പുകളായി യാത്ര ചെയ്യാൻ ശ്രമിക്കുക.
● ഓഫ്-റോഡ് യാത്രയ്ക്ക് ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ മാത്രം ഉപയോഗിക്കുക.
● ഓഫ്-റോഡിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക, കൂടാതെ സ്പെയർ ടയറുകളും ധാരാളം ഭക്ഷണവും വെള്ളവും ഇന്ധനവും കരുതുക. നിങ്ങളുടെ പദ്ധതികളും മടങ്ങിവരവിന്റെ പ്രതീക്ഷിക്കുന്ന സമയവും മറ്റുള്ളവരെ അറിയിക്കുക.
● ക്രൂയിസിംഗ് ഉപയോഗിക്കുമ്പോൾ സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലൈസൻസുള്ള ടൂറിസം ബോട്ടുകൾ മാത്രം ഉപയോഗിക്കുക.
● ഓരോ യാത്രക്കാരനും ഉയർന്ന നിലവാരമുള്ള ലൈഫ് വെസ്റ്റ് ധരിക്കണം. ട്രെക്കിംഗ്ആണെങ്കിൽ പുറപ്പെടുന്നതിന് മുമ്പ് പാതയുടെ നീളവും ബുദ്ധിമുട്ടും അറിഞ്ഞിരിക്കുക.
● നിങ്ങൾക്ക് ഉറപ്പുള്ള ഷൂസും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും മതിയായ വിതരണവും ഉണ്ടെന്ന് ഉറപ്പാക്കുക.
● ദയവായി ഒറ്റയ്ക്ക് ട്രെക്കിംഗ് നടത്തരുത്.
● വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്‌വരകളിൽ നിന്നും ബീച്ചുകളിൽ നിന്നും അകന്നു നിൽക്കുക.