ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 27 പാകിസ്ഥാൻ പൗരന്മാരെ റോയൽ ഒമാൻ പൊലിസ് (ആർഒപി) അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി കോസ്റ്റ് ഗാർഡും സ്പെഷ്യൽ ടാസ്‌ക്ഫോഴ്‌സും ചേർന്നാണ് അറസ്റ്റ് നടത്തിയത്. പ്രതികളെ നിയമ നടപടികൾക്ക് വിധേയരാക്കും. അതേസമയം, അവരുടെ പ്രവേശന രീതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
മറ്റൊരു സംഭവത്തിൽ, ദോഫാർ ഗവർണറേറ്റിലെ അൽ മയൂന അതിർത്തിയിലൂടെ രണ്ട് പേരെ ഒമാനിലേക്ക് കടത്താൻ ശ്രമിച്ചതിന് ഒരു സിറിയൻ ട്രക്ക് ഡ്രൈവർ അറസ്റ്റിലായി. യെമനിൽ നിന്ന് ഒമാനിലേക്ക് പ്രവേശിച്ച ട്രക്കിൽ കാർഗോ കമ്പാർട്ടുമെന്റിനുള്ളിൽ ഒളിപ്പിച്ചായിരുന്നു ഇവരെ ഒമാനിലെത്തിക്കാൻ ശ്രമിച്ചതെന്ന് കസ്റ്റംസ് ഡയറക്ടറേറ്റ് അറിയിച്ചു.
അനധികൃതമായി പ്രവേശിച്ച കുറ്റത്തിന് ട്രക്ക് ഡ്രൈവറെയും രണ്ട് കുടിയേറ്റക്കാരെയും റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തു, ഇവർക്കെതിരെ നിയമനടപടികൾ നടന്നുവരികയാണ്. മനുഷ്യക്കടത്തും അതിർത്തി കടന്നുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളും തടയുന്നതിന്റെ ഭാഗമായി അതിർത്തികളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.