എമിറേറ്റ്‌സ് ഐഡി ഇനി ഡിജിറ്റൽ രൂപത്തിൽ

യുഎഇയിൽ നിലവിലുള്ള എമിറേറ്റ്സ് തിരിച്ചറിയൽ കാർഡിന്‌ പകരം പുതിയ ഡിജിറ്റൽ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നതായി അധികൃതർ. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ബയോമെട്രിക് തിരിച്ചറിയൽ രീതിയും ഉപയോഗിക്കുന്ന പുതിയ സംവിധാനം ഒരു വർഷത്തിൽ നിലവിൽ വരുമെന്നും സൂചനയുണ്ട്‌. ബാങ്കിങ്‌, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, ടെലികോം തുടങ്ങിയ മേഖലകളിൽ ഇ- എമിറേറ്റ്സ് ഐഡിയുടെ ഉപയോഗം വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഫെഡറൽ നാഷണൽ കൗൺസിൽ സമ്മേളനത്തിലാണ് വിഷയം ചർച്ചയായത്.

ചുരുങ്ങിയ കാലത്തിനിടയിൽ യുഎഇ ഡിജിറ്റൽ പരിവർത്തനത്തിൽ വലിയ മുന്നേറ്റം നടത്തിയിട്ടും ഫിസിക്കൽ എമിറേറ്റ്സ് തിരിച്ചറിയൽ കാർഡുകൾ ഇപ്പോഴും ആവശ്യമായി വരുന്നത് ആശങ്കയാണെന്ന് എഫ്എൻസി അംഗം അദ്നാൻ അൽ ഹമ്മാദി ചൂണ്ടികാട്ടി. യുഎഇയിലെ എന്തു സേവനങ്ങൾക്കും എമിറേറ്റ്‌സ്‌ ഐഡി കൈയിൽ കരുതേണ്ടി വരും. ഇത്‌ രാജ്യത്തെ താമസക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും അൽ ഹമ്മാദി ചൂണ്ടിക്കാട്ടി.

ആരോഗ്യ സേവനങ്ങൾ ലഭിക്കാൻ രോഗികൾ ഇപ്പോഴും ഫിസിക്കൽ കാർഡ് ഹാജരാക്കേണ്ട സാഹചര്യമുണ്ട്. ബാങ്കുകളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും കാർഡ് നിർബന്ധമാണ്. കൂടാതെ, ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് ഒറിജിനൽ എമിറേറ്റ്സ് തിരിച്ചറിയൽ കാർഡില്ലാതെ ചെക്ക് ഇൻ ചെയ്യാൻ പലപ്പോഴും സാധിക്കുന്നില്ല. ഈ പ്രധാന മേഖലകളിൽ തിരിച്ചറിയൽ പരിശോധന ലളിതമാക്കുന്നതിന് വേഗത്തിലും ഫലപ്രദവുമായ പരിഹാരങ്ങൾ അടിയന്തിരമായി ആവശ്യമാണെന്ന്‌ അൽ ഹമ്മാദി ചൂണ്ടിക്കാട്ടി. ഐസിപിക്ക് വേണ്ടി മറുപടി നൽകിയ ഫെഡറൽ നാഷണൽ കൗൺസിൽ കാര്യങ്ങൾക്കായുള്ള സഹമന്ത്രി അബ്ദുൾ റഹ്മാൻ അൽ ഒവൈസ്, ഇ -എമിറേറ്റ്സ് ഐഡി നിരവധി സേവനങ്ങളിൽ വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. കൂടുതൽ മേഖലകളിൽ കാർഡിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതിന് അതോറിറ്റി മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ സംവിധാനം മൊബൈൽ ആപ്ലിക്കേഷനെ അടിസ്ഥാനമാക്കിയുള്ളതാവാനാണ് സാധ്യത. ഇതിൽ വ്യക്തികളുടെ ഡിജിറ്റൽ ഐഡി സുരക്ഷിതമായി സൂക്ഷിക്കുകയും മുഖം തിരിച്ചറിയൽ, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് സേവനങ്ങൾക്കായി എളുപ്പത്തിൽ തിരിച്ചറിയൽ നടത്താൻ സാധിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *