2025-26 അധ്യയന വര്‍ഷം മുതല്‍ എമിറേറ്റിലെ മുഴുവൻ സ്വകാര്യ സ്കൂളുകളും പുതിയ ട്യൂഷന് ഫീസ് നയം പാലിക്കണമെന്ന് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്. കുട്ടികളുടെ പഠനോപകരണങ്ങള്‍, പാഠപുസ്തകങ്ങള്‍, സ്കൂള്‍ യൂനിഫോമുകള്‍ തുടങ്ങിയവയുടെ ചെലവുകൾ തിരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ക്ക് അനുവാദം നൽകുന്ന നയം ട്യൂഷന് ഫീസ് 10 തവണകളായി വരെ ശേഖരിക്കാന്‍ സ്കൂളുകള്‍ക്ക് അനുമതി നൽകുന്നുമുണ്ട്.
സ്കൂള്‍ ഫീസ് നിയന്ത്രിക്കുന്നതിന് വ്യക്തവും സുതാര്യവുമായ ചട്ടക്കൂട് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന പുതിയ നയം എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകള്‍ക്കും ബാധകമാണ്.
ഫീസ് ഇളവുകള്‍
പഠനോപകരണങ്ങള്‍, പാഠപുസ്തകങ്ങള്‍, യൂനിഫോമുകള്‍ എന്നിവ വാങ്ങുന്നതിൽ രക്ഷിതാക്കളെ ഒഴിവാക്കാം. പഴയതോ ദാനമായി ലഭിച്ചതോ ആയ പാഠപുസ്തകങ്ങൾ ഉപയോഗിക്കാൻ വിദ്യാര്‍ഥികളെ അനുവദിക്കണം. എന്നാല്‍ ഇത്തരം വസ്തുക്കള്‍ നിലവിലുള്ള സിലബസ്, യൂനിഫോം മുതലായവ അനുസരിച്ചുള്ളതാവണം.
ഫീസ് സുതാര്യത
സ്കൂളുകള്‍ അഡെക് അംഗീകരിച്ചിട്ടുള്ള ഫീസ് ഘടന സ്വന്തം വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കണം. അഡെക് അംഗീകരിച്ചിട്ടുള്ള ഫീസ് നിരക്കുകള്‍ സ്കൂളുകള്‍ നിര്‍ബന്ധമായും പാലിക്കുകയും ട്യൂഷന് പേമെന്റ് ഷെഡ്യൂളുകള്‍ ഓണ്‍ലൈന്‍ വിശദമായി നല്‍കുകയും വേണം.
മാതാപിതാക്കളുമായുള്ള കരാര്‍
ട്യൂഷന് പേമെന്റ് ഷെഡ്യൂളുകള്‍ സംബന്ധമായി മാതാപിതാക്കളുമായി സ്കൂളുകള്‍ക്ക് കരാറില്‍ ഒപ്പിടാം. കുറഞ്ഞത് മൂന്നു തുല്യ തവണകളോ പരമാവധി 10 വരെ തവണകളോ ആയി മാതാപിതാക്കള്‍ക്ക് ഫീസ് അടയ്ക്കാം. അധ്യയന വര്‍ഷം ആരംഭിച്ച് ആദ്യത്തെ ഒരു മാസത്തിനുള്ളില്‍ ആദ്യ ഗഡു സ്കൂളുകള്‍ക്ക് വാങ്ങാം.
റീ രജിസ്ട്രേഷന് ഫീസ്
നിലവിലുള്ള വിദ്യാര്‍ഥികളില്‍നിന്ന് സ്കൂളുകള്‍ക്ക് അംഗീകൃത ട്യൂഷന് ഫീസിന്റെ അഞ്ച് ശതമാനം റീ രജിസ്ട്രേഷന് ഫീസായി വാങ്ങാം. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന്റെ നാലു മാസം മുമ്പ് വരെ ഈ ഫീസ് സ്കൂളുകള്‍ക്ക് വാങ്ങാം.
അതേസമയം റീ രജിസ്ട്രേഷന് ഫീസായി വാങ്ങുന്ന തുക വിദ്യാര്‍ഥിയുടെ അവസാന ട്യൂഷന് ഫീസില്‍നിന്ന് കുറക്കണം. ട്യൂഷന് ഫീസ് അടക്കുന്നതിന് പകരമായി അധികമായി പണം ആവശ്യപ്പെടാന്‍ സ്കൂളുകള്ക്കാവില്ല.
വൈകി അടക്കല്‍ നയം
ട്യൂഷന് ഫീസ് അടക്കാൻ വൈകുകയോ നല്കാതിരിക്കുകയോ ചെയ്യുന്ന ഘട്ടങ്ങളില്‍ സ്കൂളുകള്‍ പാലിക്കേണ്ട നടപടികളും നയത്തില്‍ പറയുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കളുടെ അവകാശങ്ങളെ മാനിക്കുകയും പിഴകള്‍ കൂടാതെ ഇവര്‍ക്ക് ഘടനാപരമായ ഫീസടക്കല്‍ പ്ലാനുകള്‍ അനുവദിക്കുകയും വേണം.
ഇത്തരം സാഹചര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ അപമാനിതരാകാതിരിക്കാന്‍ സ്കൂളുകള്‍ ഇവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം.ഫീസ് അടക്കാതിരിക്കുന്നതു മൂലം അടുത്ത അധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സ്കൂളുകള്‍ അധ്യയന വര്‍ഷം അവസാനിക്കുന്നതിന് മൂന്നു മാസം മുമ്പ് മാതാപിതാക്കളെ രേഖാമൂലം അറിയിക്കണമെന്നും നയത്തില്‍ പറയുന്നു. ഫീസ് അടക്കാത്തതു മൂലം വിദ്യാര്‍ഥികളെ പരീക്ഷ എഴുതുന്നതില്‍നിന്ന് തടയാന്‍ പാടില്ല.
ഫീസ് അടക്കാത്തതിനുള്ള പിഴകള്‍
ഫീസ് അടക്കുന്നതില്‍ വീഴ്ച വരുത്തുന്ന സാഹചര്യങ്ങളില്‍ ഒരാഴ്ച ഇടവേളകളില്‍ സ്കൂളുകള്‍ക്ക് മൂന്ന് മുന്നറിയിപ്പുകള്‍ മാതാപിതാക്കള്‍ക്ക് നല്‍കാം. മൂന്നാമത്തെ താക്കീതിനു ശേഷവും ഫീസ് അടച്ചില്ലെങ്കില്‍ വിദ്യാര്‍ഥി പ്രവേശനം മൂന്നുദിവസം വരെ റദ്ദാക്കാം. ഈ സസ്പെന്ഷന് ഒരു അക്കാദമിക ടേമില്‍ ഒരു തവണ മാത്രമെ ചെയ്യാന്‍ അനുവാദമുള്ളൂ.
ഇതിനു പുറമെ പരീക്ഷാ ഫലം, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇലക്ട്രോണിക് സ്റ്റുഡന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം(ഇസിസ്)എന്നിവ ഫീസ് കുടിശ്ശിക അടച്ചുതീര്‍ക്കുന്നതു വരെ തടഞ്ഞുവെക്കാനാവും. എന്നാല്‍ ഫീസ് അടക്കാത്തതു മൂലം വിദ്യാര്‍ഥികളെ ക്ലാസില്‍ ഇരിക്കുന്നതിനു തടയാനോ പരീക്ഷ എഴുതിക്കാതിരിക്കാനോ ആവില്ല.