ആദ്യ ഹജ്ജ്​ സംഘം സൗദിയിലെത്തി; തീർഥാടർക്ക് മദീനയിൽ ഊഷ്മള സ്വീകരണം

ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ സംഘം തീർഥാടകർ സൗദിയിൽ എത്തി. ഇന്ത്യൻ തീർഥാടകരാണ് ആദ്യമെത്തിയത്. ഇന്ന് പുലർച്ചെ 5.30ഓടെയാണ് ഇന്ത്യൻ തീർഥാടകരെയും വഹിച്ച് സൗദി എയർലൈൻസ് വിമാനം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. തൊട്ടുടനെ രണ്ടാമത്തെ വിമാനവുമിറങ്ങി. 289 പേർ വീതം രണ്ട് വിമാനങ്ങളിലായി 578 തീർഥാടകരാണ് എത്തിയത്.ഹൈദരാബാദിൽനിന്നുള്ളതായിരുന്നു ആദ്യ വിമാനം.

രണ്ടാമത്തെ വിമാനം യു.പിയിലെ ലക്‌നോയിൽനിന്നും. ഈ വർഷത്തെ തീർഥാടകരുടെ മഹാപ്രവാഹത്തിന് തുടക്കമിട്ട ഇന്ത്യൻ സംഘത്തിന് ഊഷ്മള വരവേൽപാണ് ലഭിച്ചത്. സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രതിനിധികളും ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്‌കാന്റെയും കോൺസൽ ജനറൽ ഫഹദ് അഹ്‌മദ് ഖാൻ സൂരിയുടെയും നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ചേർന്ന് തീർഥാടകരെ സ്വീകരിച്ചു. സ്വാഗത ഗാനം ആലപിച്ചും സംസവും ഈത്തപ്പഴവും നൽകിയുമാണ് ഹജ്ജ് ടെർമിനലിൽ സ്വീകരണമൊരുക്കിയത്.

മൂന്ന് വിമാനങ്ങളാണ് ഇന്ന് ഇന്ത്യൻ തീർഥാടകരുമായി മദീനയിലെത്താൻ ഷെഡ്യൂൾ ചെയ്തിരുന്നത്. അതിൽ ആദ്യ രണ്ട് വിമാനങ്ങളാണ് എത്തിയത്. ഇന്ന് വൈകിട്ട് 7.30-ന് മുംബൈയിൽ നിന്നുമുള്ള 442 തീർഥാടകരും എത്തും. ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ജിദ്ദ കോൺസുലേറ്റിന് കീഴിലെ ഇന്ത്യൻ ഹജ്ജ് മിഷൻ മദീനയിൽ ഒരുക്കിയിട്ടുണ്ട്. മദീന മർക്കസിയ ഏരിയയിലാണ് ഇന്ത്യൻ സംഘം തങ്ങുന്നത്. എട്ട് ദിവസം തീർഥാടകർ മദീന പ്രവാചക പള്ളിയിൽ പ്രാർഥാനകളുമായി കഴിയും. അതിനുശേഷം മക്കയിലെത്തി ഹജ്ജ് നിർവഹിച്ച് ജിദ്ദ വഴിയായിരിക്കും മടക്കം.

മലയാളി ഹാജിമാരുടെ ആദ്യ സംഘം കോഴിക്കോട് നിന്ന് ജിദ്ദയിലേക്കാണ് എത്തുന്നത്. മെയ് 10 ന് പുലർച്ചെ ഒരു മണിക്കാണ് ആദ്യ വിമാനം. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ഇന്തോനേഷ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരും ഇന്ന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *