അൽ മക്തൂം വിമാനത്താവളത്തിൽ ഇമിഗ്രേഷൻ സ്മാർട്ടാകും

അൽ മക്തൂം വിമാനത്താവളത്തിലെ (ദുബായ് വേൾഡ് സെൻട്രൽ) യാത്രാനടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ സംവിധാനമൊരുങ്ങുന്നു. നിലവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ സ്മാർട്ട് ഗേറ്റുകൾ വഴി ഒരാൾക്ക് കടന്നുപോകാവുന്ന സമയംകൊണ്ട് 10 യാത്രക്കാർക്ക് കടന്നുപോകാനാകുന്ന അത്യാധുനിക സ്മാർട്ട് സംവിധാനമാണ് അൽ മക്തൂം വിമാനത്താവളത്തിലൊരുങ്ങുന്നത്. കൂടാതെ സേവനങ്ങൾക്കായി റോബോട്ടുകളെയും വിന്യസിക്കും. ചൊവ്വാഴ്ച ദുബായിൽ ആരംഭിച്ച എയർപോർട്ട് ഷോയിൽ താമസ, കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തേ, പാസ്‌പോർട്ട് പരിശോധനകളും സ്റ്റാമ്പിങ്ങുമെല്ലാം സമയമെടുത്താണ് ചെയ്തിരുന്നെങ്കിൽ ഇപ്പോൾ എല്ലാം എഐ അധിഷ്ഠിതമായി. കുട്ടികൾക്കായി പ്രത്യേക ഇമിഗ്രേഷൻ കൗണ്ടറുകളും അമ്മമാർക്കും പ്രായമായവർക്കുമെല്ലാം മുൻഗണനാ സംവിധാനങ്ങളുമായി. ലോകത്തുതന്നെ ഇത്തരത്തിലുള്ള ആദ്യസംവിധനങ്ങളാണിതെല്ലാം. ഭാവിയുടെ വിമാനത്താവളമാകാനിരിക്കുന്ന അൽ മക്തൂം വിമാനത്താവളത്തിൽ ബാഗേജ് കൈകാര്യം ചെയ്യുന്നതുപോലും ഓട്ടോമേറ്റഡ് ആയിരിക്കുമെന്നും അൽ മർറി പറഞ്ഞു.

യാത്രക്കാർ അൽ മക്തൂം വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞാൽ സ്വാഗതംചെയ്യുന്നത് റോബോട്ട് ആയിരിക്കും. യാത്രക്കാരുടെ വാഹനത്തിൽനിന്ന് ലഗേജുകൾ എടുത്ത് നേരിട്ട് ചെക്ക്-ഇൻ കൗണ്ടറുകളിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള ജോലികൾ റോബോട്ടുകൾ ഏറ്റെടുക്കും. യാത്രക്കാർക്ക് വീട്ടിലിരുന്നുതന്നെ ആപ്പ് വഴി വിമാനയാത്ര ബുക്ക് ചെയ്യാനും ഡ്യൂട്ടി ഫ്രീയിൽനിന്ന് ഷോപ്പിങ് നടത്താനുമാകും. ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞാൽ യാത്രക്കാരുടെ ബാഗുകൾക്ക് ഒരു ഇ-ടാഗ് നൽകും. വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ വാഹനത്തിൽ കയറുന്ന നിമിഷം മുതൽ പൂർണമായ ഒരു ചെക്ക്-ഇൻ അനുഭവമായിരിക്കും പുതിയ സംവിധാനത്തിലൂടെ കൈവരുകയെന്നും ദുബായ് ഏവിയേഷൻ എൻജിനിയറിങ് പ്രോജക്ട്സിലെ ഫ്യൂച്ചർ ഓഫ് തിങ്സ് സീനിയർ ഡയറക്ടർ അബ്ദുള്ള അൽ ഷംസി വിശദീകരിച്ചു.

യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അൽ മക്തൂം വിമാനത്താവളത്തിൽ എട്ട് ടെർമിനലുകൾ ഉണ്ടായിരിക്കുമെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് നേരത്തേ പറഞ്ഞിരുന്നു. ടെർമിനലുകൾക്കിടയിൽ യാത്രക്കാർക്കായി ഭൂഗർഭ ട്രെയിൻ സേവനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2050-ഓടെ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമാക്കി മാറാനുള്ള തയ്യാറെടുപ്പിലാണ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം. പ്രതിവർഷം 26 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന വിധത്തിലാണ് നിർമാണം.

12,000 കോടി ദിർഹത്തിന്റെ വികസനപ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിലവിൽ അൽ മക്തൂം വിമാനത്താവള പദ്ധതിക്ക് കരാറുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. നിർമാണം പൂർത്തിയാക്കി 10 വർഷത്തിനകം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റും. 400 വിമാനത്താവള ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും ഉൾകൊള്ളുന്ന അൽ മക്തൂം വിമാനത്താവളം 70 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *