അൽ ബർഷ സൗത്ത് വണിൽ (സ്ട്രീറ്റ് 34) റോഡ് ഗതാഗതം മെച്ചപ്പെടുത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പുതിയ എൻട്രി, എക്‌സിറ്റ് പോയിന്റുകൾ സ്ഥാപിച്ച് യാത്രാസമയം അഞ്ചുമിനിറ്റിൽനിന്ന് ഒരുമിനിറ്റിൽ താഴെയാക്കിയാണ് റോഡ് ഗതാഗതം മെച്ചപ്പെടുത്തിയത്. ഇതിനായി സ്ട്രീറ്റ് 34, അൽ ഹദൈഖ് സ്ട്രീറ്റ് എന്നിവയുടെ ജങ്ഷനിൽ ആർടിഎ പുതിയൊരു യു-ടേൺ നിർമിച്ചു.
പുതിയ കാൽനടപ്പാതകളും സ്ഥാപിച്ചു. കൂടാതെ, സമീപത്തെ താമസക്കാർക്കായി 158 പുതിയ പാർക്കിങ് സ്ഥലങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. റോഡരികിൽ ക്രമരഹിതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക, പാർക്കിങ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, മൊത്തത്തിലുള്ള ഗതാഗതസുരക്ഷ വർധിപ്പിക്കുക എന്നിവയാണ് ആർടിഎ ലക്ഷ്യമിടുന്നത്.
താമസകേന്ദ്രങ്ങൾക്കുസമീപം സുരക്ഷിതമായ ഗതാഗതമുറപ്പാക്കാനാണ് ആർടിഎയുടെ ശ്രമമെന്ന് ആർടിഎയിലെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. പുതിയ മെച്ചപ്പെടുത്തലുകൾ വാഹന ഉപഭോക്താക്കൾക്കുമാത്രമല്ല കാൽനടയാത്രക്കാർക്കും ഏറെ പ്രയോജനംചെയ്യും. ഉൾറോഡുകളിൽ മാത്രമായി ഏഴ് കാൽനട ക്രോസിങ്ങുകളാണ് ആർടിഎ നിർമിച്ചിരിക്കുന്നത്. തടസ്സരഹിതമായി സഞ്ചരിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്താണ് കാൽനട ക്രോസിങ്ങുകളുടെ നിർമാണം. പ്രത്യേകിച്ച് അൽ ബർഷ സൗത്ത് പോലുള്ള ജനത്തിരക്കേറിയ സ്ഥലങ്ങളിൽ കാൽനടപ്പാതകൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. പ്രധാന റോഡുകളിലും ഉൾറോഡുകളിലുമെല്ലാം നവീകരണം തുടരുമെന്നും അൽ ബന്ന പറഞ്ഞു.