അറേബ്യൻ ട്രാവൽ മാർക്കറ്റ് വിനോദസഞ്ചാര മേളയ്ക്ക് തുടക്കം

അറേബ്യൻ ട്രാവൽ മാർക്കറ്റ് വിനോദസഞ്ചാര മേളയ്ക്ക് തുടക്കം.
മധ്യപൂർവദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര മേളയായ 32ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായിൽ ഇന്നു തുടക്കം. 166 രാജ്യങ്ങളിൽനിന്നുള്ള 2,800ലേറെ പ്രദർശകരും 55,000 ട്രാവൽ പ്രഫഷനലുകളും പങ്കെടുക്കുന്ന എടിഎം ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്.

ആഗോള ടൂറിസം ഭൂപടത്തിൽ എടിഎമ്മിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തിനു അടിവരയിടുന്ന പ്രദർശനത്തിൽ 67% രാജ്യാന്തര കമ്പനികളും 33% മധ്യപൂർവദേശത്തുനിന്നുള്ള കമ്പനികളുമാണ് പങ്കെടുക്കുന്നത്. ‘ആഗോള യാത്ര: മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെ നാളത്തെ ടൂറിസം വികസിപ്പിക്കുക’ എന്ന പ്രമേയത്തിലാണ് പ്രദർശനം. 4 ദിവസമാണ് മേള.

പ്രദർശകരുടെയും പ്രഫഷനലുകളുടെയും എണ്ണത്തിൽ റെക്കോർഡ് ഇടാനാണ് ശ്രമമെന്ന് എടിഎം മിഡിൽ ഈസ്റ്റ് ഡയറക്ടർ ഡാനിയേൽ കർട്ടിസ് പറഞ്ഞു. ഒഴിവുസമയ വിനോദ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ, ആഡംബര – കോർപറേറ്റ് യാത്രകൾ തുടങ്ങി എല്ലാ മേഖലകളിൽനിന്നുള്ള ട്രാവൽ പ്രഫഷനലുകളെയും എടിഎമ്മിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. വർധിച്ച പ്രതികരണത്തെ തുടർന്ന് 2 ഹാളുകൾ കൂടി അധികമായി ചേർത്തതിനു പുറമേ ഗ്ലോബൽ സ്റ്റേജ്, ഫ്യൂച്ചർ സ്റ്റേജ്, ബിസിനസ് ഇവന്റ്‌സ് സ്റ്റേജ് എന്നിങ്ങനെ 3 വിഭാഗമാക്കിയാണ് സമ്മേളനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *